എംഎസ് ധോണി ക്യാപ്റ്റന്റെ ചുമതലേറ്റ ശേഷമുള്ള സിഎസ്കെയുടെ ആദ്യ മത്സരമാണിന്ന്.

ചെന്നൈ: ക്യാപ്റ്റൻ ഋതുരാദ് ​ഗെയ്ൿവാദ് പരിക്കേറ്റ് പിന്മാറിയതിനെ തുടർന്ന് എംഎസ് ധോണി ക്യാപ്റ്റന്റെ ചുമതലേറ്റ ശേഷമുള്ള സിഎസ്കെയുടെ ആദ്യ മത്സരമാണിന്ന്. കൊൽക്കത്തയാണ് എതിരാളികൾ. മത്സരത്തിൽ ടോസ് ലഭിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ബൗളിങ് തെര‍ഞ്ഞെടുത്തു. ചെന്നൈയുടെ തട്ടകമായി ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 

സീസണിന് മധ്യേ എം എസ് ധോണി വീണ്ടും ക്യാപ്റ്റനാകുമ്പോള്‍ സിഎസ്‌കെ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 ഐപിഎല്‍ സീസണുകളില്‍ ഫൈനലില്‍ എത്തിച്ച നായകന്‍, അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച ഇതിഹാസം. എന്നാല്‍ ഐപിഎല്‍ പതിനെട്ടാം സീസണില്‍ ചെന്നൈയുടെ തുടക്കം അത്ര പന്തിയല്ല. സീസണിലെ അഞ്ചില്‍ നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റു. ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സീസണ്‍ ആരംഭിച്ചത്. പിന്നീട് നാല് മത്സരങ്ങളിലും ടീം തകര്‍ന്നുതരിപ്പണമായി. ആര്‍സിബിയോട് അതേ ചെപ്പോക്കില്‍ 50 റണ്‍സിന്‍റെ കനത്ത തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനോട് ഗുവാഹത്തിയില്‍ പോയി 6 റണ്‍സിനും തോറ്റു. ഇതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനോട് 25 റണ്‍സിന്‍റെയും പഞ്ചാബ് കിംഗ്സിനോട് 18 റണ്ണിന്‍റെയും പരാജയം. 

സീസണില്‍ ടീമിന്‍റെ ആറാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നേരിടുമ്പോള്‍ കാര്യങ്ങള്‍ ധോണിക്ക് എളുപ്പമാവില്ല. കളി ചെപ്പോക്കിലെങ്കിലും ചരിത്രത്തിലാദ്യമായി സ്വന്തം മൈതാനത്ത് മൂന്ന് തോല്‍വികള്‍ എന്ന നാണക്കേട് ഒഴിവാക്കേണ്ട വലിയ കടമ്പ സിഎസ്‌കെയ്ക്ക് മുന്നിലുണ്ട്. പരിക്കേറ്റ് പുറത്തായ റുതുരാജ് ഗെയ്‌ക്‌വാദിന് പകരം ടീമിലെത്താനിരിക്കുന്ന രാഹുല്‍ ത്രിപാഠി ഫോമിലല്ല. രചിന്‍ രവീന്ദ്ര- ദേവോണ്‍ കോണ്‍വേ ഓപ്പണിംഗ് സഖ്യത്തിന്‍റെ പ്രകടനം ചെന്നൈ സ്കോറിന്‍റെ വിധി തീരുമാനിക്കും. ശിവം ദുബെയും വിജയ് ശങ്കറുമുള്ള മധ്യനിര ശോകമൂകമാണ്. ചെപ്പോക്കിലെ സ്പിന്‍ ട്രാക്കില്‍ നൂര്‍ അഹമ്മദ് നയിക്കുന്ന സ്‌പിന്‍ നിര മാത്രമാണ് പ്രതീക്ഷ കാക്കുന്നത്. അതിനാല്‍ ടീം ലൈനപ്പില്‍ ധോണിയുടെ തലപുകയും.