ദിനേശ് കാര്‍ത്തിക്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരും മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. ഓസ്‌ട്രേിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ആശങ്ക അറിയിച്ചു.

മെല്‍ബണ്‍: മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലാണ് തമിഴ്‌നാട്. ചെന്നൈ നഗരത്തില്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി പേരാണ് പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പോസ്റ്റ് ചെയ്്തിരുന്നു. അശ്വിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തതിങ്ങനെ... ''ഞാന്‍ താമസിക്കുന്ന പ്രദേശത്ത് 30 മണിക്കൂറായി വൈദ്യുതിയില്ല. വിവിധ പ്രദേശങ്ങളില്‍ ഇങ്ങനെ തന്നെയാണെന്നാണ് കരുതുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.'' അശ്വിന്‍ കുറിച്ചിട്ടു. കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി. കൂടെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 

ദിനേശ് കാര്‍ത്തിക്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരും മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. ഓസ്‌ട്രേിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ആശങ്ക അറിയിച്ചു. ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വാര്‍ണര്‍ ആശങ്ക പങ്കുവച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''ചെന്നൈയിലെ പല പ്രദേശങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തില്‍ ഞാന്‍ ആശങ്കാകുലനാണ്. ഈ പ്രകൃതിദുരന്തത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമൊപ്പം ഞാനുമുണ്ട്. എല്ലാവരും സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണ്. ആവശ്യമെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങള്‍ തേടുക. നിങ്ങള്‍ക്ക് സഹായിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക. ആവശ്യമുള്ളവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യാവുന്നതുമാണ്. നമുക്ക് കനമുക്ക് ഒരുമിച്ച് നില്‍ക്കാം.'' അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

View post on Instagram

മിഗ്ജാമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളിലായി ചെന്നൈ നഗരത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്ക് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

വെള്ളക്കെട്ടിനെ തുടര്‍ന്ന് നഗരത്തിലെ 17 സബ് വേകള്‍ അടഞ്ഞു കിടക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈ സെന്‍ട്രലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.

എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല! ചെന്നൈയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ആര്‍ അശ്വിന്‍ - വീഡിയോ