ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി. 2025 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ താരത്തിന്റെ പ്രമോഷണല്‍ ടീമിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തി.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ നിന്നും പണമാവശ്യപെട്ട് ഭീക്ഷണി. 2025 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ റിങ്കു സിംഗിന്റെ പ്രമോഷണല്‍ ടീമിന് മൂന്ന് സന്ദേശങ്ങള്‍ അയച്ചതായി മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം അന്തരിച്ച ബാബാ സിദ്ധിഖിയുടെ മകന്‍ സീഷന്‍ സിയാവുദ്ദീന്‍ സിദ്ദീഖിയെ ഭീക്ഷണിപെടുത്തിയ സംഘത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്.
സീഷനെ ഭീക്ഷണിപെടുത്തിയ കേസില്‍ പ്രതികളായ മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് നവീദ് എന്നിവരെ പോലീസ് വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് ആഗസ്റ്റ് ആദ്യവാരം പിടികൂടി ഇന്ത്യയിലെത്തിച്ചിരുന്നു. റിങ്കു സിംഗിനെ ഭീക്ഷണിപെടുത്തിയിരുന്നെന്ന വിവരം ഇവരിലൊരാള്‍ പോലീസിനെ ചോദ്യം ചെയ്യലില്‍ അറിയിച്ചു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തി. 2025 ഫെബ്രുവരി മുതല്‍ നിരവധി ഭീഷണ സന്ദേശങ്ങളാണ് അയച്ചത്.
ആദ്യ സന്ദേശത്തില്‍, നവീദ് റിങ്കുവിനെ ഒരു ആരാധകനായി പരിചയപ്പെടുത്തി. പണത്തിനായുള്ള മാന്യമായ അഭ്യര്‍ത്ഥനയോടെയാണ് ഇത് ആരംഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അദ്ദേഹം വീണ്ടും താരത്തിന് സന്ദേശം അയച്ചു. അഭ്യര്‍ത്ഥനയില്‍ നിന്ന് ഭീഷണിയിലേക്ക് മാറി. മറുപടി ലഭിക്കാത്തതിനാല്‍, നവീദ് ഏപ്രില്‍ 20 ന് റിങ്കുവിന് ഒരു അന്ത്യശാസനം അയച്ചു. ഗുരുതരമായ ഭീഷണിയായിരുന്നു അതിലുണ്ടായിരുന്നത്.
സന്ദേശങ്ങളില്‍ പറഞ്ഞിരുന്നത് ഇങ്ങനെ... ''സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ ആരാധകനാണ്. നിങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനായി കളിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. റിങ്കു സാര്‍, നിങ്ങളുടെ അക്ഷീണ പരിശ്രമം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു ദിവസം നിങ്ങള്‍ നിങ്ങളുടെ കരിയറിന്റെ ഉന്നതിയിലെത്തും. സാര്‍, എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്, നിങ്ങള്‍ക്ക് എന്നെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുമെങ്കില്‍, അല്ലാഹു നിങ്ങളെ കൂടുതല്‍ അനുഗ്രഹിക്കും, ഇന്‍ഷാ അല്ലാഹ്.'' ഏപ്രില്‍ അഞ്ചിന് അയച്ച സന്ദേശത്തില്‍ പറയുന്നു.
ഏപ്രില്‍ ഒമ്പതിന് അയച്ച മറ്റൊരു സന്ദേശത്തില്‍ പറയുന്നതിങ്ങനെ... ''എനിക്ക് അഞ്ച് കോടി രൂപ വേണം. സമയവും സ്ഥലവും ഞാന്‍ ക്രമീകരിക്കാം. ദയവായി നിങ്ങളുടെ സ്ഥിരീകരണം അയയ്ക്കുക.'' സന്ദേശത്തില്‍ പറയുന്നു.
ഏപ്രില്‍ 20ന് 'ഓര്‍മ്മപ്പെടുത്തല്‍! ഡി-കമ്പനി' എന്നൊരു സന്ദേശം കൂടി അയച്ചു. ഇന്ത്യയുടെ സമീപകാല ഏഷ്യാ കപ്പ് വിജയത്തില്‍ റിങ്കു പങ്കാളിയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് റിങ്കു ഇതുവരെ പ്രതികരിച്ചിട്ടില്ല.



