കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുകയാണ് ക്വിന്റണ്‍ ഡി കോക്ക്. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ഡി കോക്ക് ടീമിനെ സെഞ്ചുറിയോടെ വിജയത്തിലേക്ക് നയിച്ചു. ഇതോടൊപ്പം മറ്റൊരു റെക്കോഡ് കൂടി ഡികോക്കിനെ തേടിയെത്തി. ഏകദിനത്തില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്ന് 5000 റണ്‍സ് തികക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരിക്കുകയാണ് ഡി കോക്ക്. 5000 റണ്‍സിലെത്താന്‍ ഡികോക്കിന് 116 ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടിവന്നത്.

5000 റണ്‍സ് കടക്കുന്ന ആറാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് ഡികോക്ക്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി, മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര, മുന്‍ സിംബാബ്‌വെ താരം ആന്റി ഫ്ളവര്‍, ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹിം എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍. 

സെഞ്ചുറികളുടെ കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് ക്വാലിസുമായുള്ള അകലം കുറയ്ക്കാനും ഡി കോക്കിനായി. 17 ഏകദിന സെഞ്ചുറികളാണ് കാലിസിനുള്ളത്. ഡി കോക്ക് ഇംഗ്ലണ്ടിനെതിരെ നേടിയത് 15ാം ഏകദിന സെഞ്ചുറിയായിരുന്നു ഇന്നലത്തേത്. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് 5000 റണ്‍സ് നേടുന്ന ആറാമത്തെ താരം കൂടിയാണ് ഡി കോക്ക്.

101 ഇന്നിങ്സുകളില്‍ നിന്ന് 5000 റണ്‍സില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാമന്‍. മുന്‍ വിന്‍ഡീസ് താരം വിവ് റിച്ചാര്‍ഡ്‌സും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും 114 ഇന്നിങ്‌സില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ 115 ഇന്നിങ്‌സില്‍ നിന്നാണ് മാന്ത്രിക സംഖ്യയിലെത്തിയത്. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഡി കോക്കും ഒപ്പത്തിനൊപ്പമാണ്.