യുസ്‌വേന്ദ്ര ചാഹലുമായുള്ള വിവാഹമോചനത്തില്‍ വീണ്ടും തുറന്നു പറച്ചിലുമായി ധനശ്രീ വര്‍മ. 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലുമായുള്ള വിവാഹമോചനത്തില്‍ വീണ്ടും തുറന്നു പറച്ചിലുമായി മുന്‍ ഭാര്യയും മോഡലുമായ ധനശ്രീ വര്‍മ. വിവാഹമോചനക്കേസില്‍ വിധി പറയുന്ന ദിവസം യുസ്‌വേന്ദ്ര ചാഹല്‍ ഷുഗര്‍ ഡാഗി പരാമര്‍ശമുള്ള ടീ ഷര്‍ട്ട് ധരിച്ച് കുടുംബ കോടതയിലിയെത്തിയതിനെക്കുറിച്ചാണ് റൈസ് ആന്‍ഡ് ഫോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ധനശ്രീ മനസുതുറന്നത്. കുടുംബമെന്ന സ്ഥാപനത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ് താന്‍ വിവാഹമോചന വിഷയത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നിശബ്ദയായിരുന്നതെന്ന് ധനശ്രീ ഒരു പോഡ് കാസ്റ്റില്‍ പറഞ്ഞു.

നിങ്ങൾ വിവാഹിതരാണെങ്കില്‍ നിങ്ങളുടെ പങ്കാളിയോട് എല്ലായ്പ്പോഴും ഉത്തരവാദിത്തത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്കും വേണമെങ്കില്‍ എന്തും വിളിച്ചു പറായാമായിരുന്നു. പക്ഷെ വിവാഹമോചനം കഴിഞ്ഞെങ്കിലും അദ്ദേഹം എന്‍റെ ഭര്‍ത്താവായിരുന്ന ആളാണ്. അതിനെ ഞാന്‍ ഇപ്പോഴും ബഹുമാനിക്കുന്നു. പിന്നെ കുടുംബ കോടതിയില്‍ അദ്ദേഹം ഷുഗര്‍ ഡാഡി പരാമര്‍ശമുള്ള ടീ ഷര്‍ട്ട് ധരിച്ച് വന്നതിനെക്കുറിച്ചാണെങ്കില്‍ എനിക്ക് പ‍ഞ്ചസാര ഇഷ്ടമല്ലെന്ന് എന്നെ അറിയുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. പഞ്ചസാര ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. പഞ്ചസാര വേണ്ടെന്ന് വെച്ചെങ്കിലും പണം ഞാന്‍ വേണ്ടെന്ന് വെച്ചിട്ടില്ല. കാരണം, പണം ജീവതത്തില്‍ വളരെ പ്രധാനമാണ്. തന്‍റെ പേരിനോട് ചേര്‍ത്ത് ഒരുപാട് ആളുകളുടെ പേരുകള്‍ പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാല്‍ അങ്ങനെ പറയുന്നവര്‍ക്ക് തന്നെക്കുറിച്ച് ഒന്നുമറിയില്ലെന്നും ധനശ്രീ വ്യക്തമാക്കി.

ചാഹലിന്‍റെയും ധനശ്രീയുടെയും വിവാഹമോചന ഹര്‍ജിയില്‍ കുടുംബകോടതി വിധി പറയുന്ന ദിവസം ‘Be Your Own Sugar Daddy’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു ചാഹല്‍ കോടതി മുറിയിലെത്തിയത്. ഇതിലൂടെ ധനശ്രീക്ക് ഒരു സന്ദേശം നല്‍കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് ചാഹല്‍ ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. 2020ല്‍ വിവാഹിതരായ ചാഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അ‍ഞ്ചിനാണ് പരസ്പര സമ്മതത്തോടെ ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ടീമിലുണ്ടായിരുന്ന ചാഹല്‍ പിന്നീട് ടീമില്‍ നിന്ന് പുറത്തായി. ദീര്‍ഘനാളായി ഇന്ത്യൻ ടീമിലില്ലാത്ത ചാഹലിപ്പോള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക