മുംബൈ: 2014 മുതല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. 2017ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെയും നായകസ്ഥാനം കോലി ഏറ്റെടുത്തു. എംഎസ് ധോണി സ്ഥാനമൊഴിഞ്ഞപ്പോഴാണ് കോലിക്ക് അവസരം ലഭിച്ചത്. ഐസിസി കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും കോലിക്ക് കീഴില്‍ നിരവധി നേട്ടങ്ങള്‍ ഇന്ത്യയെ തേടിയെത്തി. 

ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങാന്‍ മുന്‍ ക്യാപ്റ്റന്‍ ധോണിയാണ് തന്നെ സഹായിച്ചതെന്ന് വ്യക്തമാക്കിരിക്കുകയാണ് കോലി. ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു കോലി. താരം പറയുന്നതിങ്ങനെ... ''പെട്ടന്ന് ഒരു ധോണി എന്നോട് ക്യാപ്റ്റനാവാന്‍ പറയുകയായിരുന്നില്ല. അദ്ദേഹം എന്നെ ദീര്‍ഘകാലം നിരീക്ഷിച്ചിരുന്നു. ധാണി നല്‍കിയ ആത്മവിശ്വാസവും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളുമാണ് മികച്ച നായകനാക്കിയത്. അദ്ദേഹം എന്നോട് എപ്പോഴും ആശയവിനിമയം നടത്തുമായിരുന്നു.'' കോലി പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ ധോണി രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയുമടക്കം മൂന്ന് ഐസിസി കിരീടങ്ങളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷവും ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന ധോണി ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല.

നിലവില്‍ മുംബൈയിലാണ് കോലിയുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ പരിശീലനം ആരംഭിച്ചെങ്കിലും കോലിയും രോഹിതും മുംബൈയില്‍ തുടരുകയാണ്. മുംബൈയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അവിടെത്തന്നെ കഴിയാനാണ് ബിസിസിഐ നിര്‍ദേശം നല്‍കിയത്.