ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പ് ഇന്ത്യ അവരുടെ ഏറ്റവും മികച്ച ഇലവനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് ശുഭസൂചനയല്ലെന്നും അശ്വിന്‍.

ചെന്നൈ: ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തുന്നുവെങ്കിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ദക്ഷിണാഫ്രിക്കക്കെതിരെ അവസാന രണ്ട് മത്സരങ്ങളിലും ഗില്ലിന് ഫോമിലാവാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കുകയെന്ന ബുദ്ധിമുട്ടേറിയ ആ തീരുമാനം എടുക്കണമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇപ്പോള്‍ ഗില്ലിനെ ഒഴിവാക്കുന്നത് ശരിയല്ല. കാരണം, ഗില്‍ ഓപ്പണര്‍ മാത്രമല്ല, വൈസ് ക്യാപ്റ്റൻ കൂടിയാണ്. പരമ്പരക്കിടെ വൈസ് ക്യാപ്റ്റനെ തഴയുന്നത് നല്ല സന്ദേശമാകില്ല നല്‍കുക. ഈ സാഹചര്യത്തില്‍ ഗില്ലിന് അടുത്ത രണ്ട് കളികളില്‍ കൂടി ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ അവസരം നല്‍കണം. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര പരമ്പരയിലും തിളങ്ങാനായില്ലെങ്കില്‍ ഗില്ലിനെ മാറ്റുന്നതടക്കമുള്ള തീരുമാനം എടുക്കുന്നതാകും ഉചിതമെന്നും അശ്വിന്‍ പറഞ്ഞു.

ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പ് ഇന്ത്യ അവരുടെ ഏറ്റവും മികച്ച ഇലവനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് ശുഭസൂചനയല്ല. ലോകകപ്പിന് മുമ്പെങ്കിലും ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്തേണ്ടതുണ്ട്. ബൗളര്‍മാരുടെ കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളതായി എനിക്കുതോന്നുന്നില്ല. ബൗളര്‍മാരുടെ കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ ആവശ്യമില്ല. ഹര്‍ഷിത് റാണയും തന്‍റെ മികവ് പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ബൗളര്‍മാരുടെ കാര്യത്തില്‍ സംശയമേയില്ല.

ലോകകപ്പിന് മുമ്പുള്ള പ്രധാന ചോദ്യം ശുഭ്മാന്‍ ഗില്‍ റണ്ണെടുക്കുന്നില്ല എന്നതാണ്. ഗില്‍ തുടരണോ, സഞ്ജുവിനെ ഓപ്പണറായി തിരിച്ചുവിളിക്കണോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ടീമിലെ ഓപ്പണര്‍ സ്ഥാനം സംരക്ഷിക്കാന്‍ വരുന്ന മത്സരങ്ങളില്‍ ഗില്‍ കുറഞ്ഞ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമോ എന്നാണ് എന്‍റെ മറ്റൊരു ആശങ്ക. അതൊരിക്കലും സംഭവിക്കരുതെന്നും അശ്വിന്‍ പറഞ്ഞു. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മാൻ ഗില്‍ 24.25 ശരാശരിയിലും 137.26 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായില്ല. അതേസമയം ഓപ്പണറായി മൂന്ന് സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഗില്ലിന് ഓപ്പണറായി അവസരം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക