ഏയ്ഡന്‍ മാര്‍ക്രവും ട്രിസ്റ്റൻ സ്റ്റബ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരയറ്റുമ്പോഴാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തെറിയാൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വിളിക്കുന്നത്.
ധരംശാല:ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓൾ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. രാജ്യാന്തര ടി20 മത്സരങ്ങളില്‍ 100 വിക്കറ്റും 1000 റണ്‍സും നേടുന്ന ആദ്യ പേസ് ഓള്‍ റൗണ്ടറെന്ന നേട്ടമാണ് ഹാര്‍ദ്ദിക് ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തില്‍ മൂന്നോവര്‍ പന്തെറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ 23 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
ഏയ്ഡന്‍ മാര്‍ക്രവും ട്രിസ്റ്റൻ സ്റ്റബ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരയറ്റുമ്പോഴാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തെറിയാൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വിളിക്കുന്നത്. തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ സ്റ്റബ്സിനെ പുറത്താക്കി പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. രാജ്യാന്തര ടി20 മത്സരങ്ങളില്‍ ബുമ്രയുടെ 100ാം വിക്കറ്റ് കൂടിയായിരുന്നു അത്. ഇതോടെ അര്‍ഷ്ദീപ് സിംഗിനും(107), ജസ്പ്രീത് ബുമ്രക്കും(101) ശേഷം ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും പാണ്ഡ്യ ഇന്നലെ സ്വന്തമാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍ ഹാര്‍ദ്ദിക്കിന് മുമ്പ് 100 വിക്കറ്റും ആയിരം റണ്‍സും തികച്ച നാലു താരങ്ങളുണ്ടെങ്കിലും ഇവരെല്ലാം സ്പിന്നര്‍മാരാണ്. ബംഗ്ലാദേശ് മുന്‍ നായകനായിരുന്ന ഷാക്കിബ് അല്‍ ഹസന്‍, അഫ്ഗാനിസ്ഥാന്‍ മുന്‍ നായകന്‍ മുഹമ്മദ് നബി, സിംബാബ്‌വെ മുന്‍ നായകന്‍ സിക്കന്ദര്‍ റാസ, മലേഷ്യൻ താരം വിരന്‍ദീപ് സിംഗ് എന്നിവരാണ് ഹാര്‍ദ്ദിക്കിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
സെപ്റ്റംബര്‍ 26ന് ഏഷ്യാ കപ്പില്‍ കളിക്കുന്നതിനിടെ പരിക്കേറ്റ് പുറത്തായ പാണ്ഡ്യ മൂന്ന് മാസത്തെ ഇടവേളക്കുശേഷമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യൻ കുപ്പായത്തില്‍ തിരിച്ചെത്തിയത്. തിരിച്ചുവന്ന ആദ്യ കളിയില്‍ തന്നെ 28 പന്തില്‍ 59 റണ്‍സെടുത്ത പാണ്ഡ്യ ബാറ്റുകൊണ്ടും ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു.


