2024 ഓഗസ്റ്റ് 7-നാണ് റിഷഭ് പന്ത് ഇന്ത്യയ്ക്കായി അവസാനമായിഏകദിനത്തിൽ കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റേതായ സ്ഥാനം കെട്ടിപ്പടുത്തെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റിൽ പന്തിന് പ്രതീക്ഷിച്ചത്ര തിളങ്ങാനായിരുന്നില്ല.
മുംബൈ: ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് തുടർച്ചയായി തഴയപ്പെടുന്നതിന്‍റെ വിഷമം പരസ്യമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ബിസിനസ് ഓഫ് സ്പോർട്സ് പോഡ്‌കാസ്റ്റിൽ റിഷഭ് പന്ത് മനസു തുറന്നത്. പുറത്തിരിക്കേണ്ടി വരുമ്പോൾ വിഷമം തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാൽ കായികതാരമെന്ന നിലയിൽ തിരിച്ചുവരവ് ഉറപ്പാണെന്നും റിഷഭ് പന്ത് പറഞ്ഞു.
2024 ഓഗസ്റ്റ് 7-നാണ് റിഷഭ് പന്ത് ഇന്ത്യയ്ക്കായി അവസാനമായിഏകദിനത്തിൽ കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റേതായ സ്ഥാനം കെട്ടിപ്പടുത്തെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റിൽ പന്തിന് പ്രതീക്ഷിച്ചത്ര തിളങ്ങാനായിരുന്നില്ല. 31 ഏകദിനങ്ങളിൽ നിന്ന് 33.50 ശരാശരിയിൽ 871 റൺസ് മാത്രമാണ് പന്തിന് നേടിയത്. 2022-ൽ ഇംഗ്ലണ്ടിനെതിരെ നേടിയ പുറത്താകാതെ നേടിയ 125 റൺസാണ് ഏകദിനത്തിലെ ഏക സെഞ്ചുറി.
കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാതെ വരുമ്പോൾ തീർച്ചയായും സങ്കടം തോന്നും. പക്ഷേ ഒരു കായികതാരത്തിന്‍റെ ചിന്താഗതി എപ്പോഴും തിരിച്ചുവരവിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരിച്ചടികൾ ജീവിതത്തിന്‍റെ ഭാഗമാണ്. പുറത്തുനിന്ന് അഭിപ്രായങ്ങൾ പറയാൻ വളരെ എളുപ്പമാണ്, എന്നാൽ കാര്യങ്ങൾ ശരിയായ വഴിയിലെത്താൻ ആളുകൾ കുറച്ചുകൂടി കാത്തിരിക്കണമെന്നും പന്ത് വ്യക്തമാക്കി.
കാറപകടത്തെ തുടർന്ന് ഒരു വർഷത്തോളം കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതാണ് പന്തിന് തിരിച്ചടിയായത്. ഈ സമയത്ത് കെ.എൽ രാഹുൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി മാറി. ഇഷാൻ കിഷൻ, ധ്രുവ് ജുറെൽ എന്നിവരും സെലക്ടർമാരുടെ മുൻഗണനാ പട്ടികയിൽ മുന്നിലെത്തിയതോടെ പന്തിന് ഏകദിന ടീമിലേക്കുള്ള വാതിലുകൾ അടയുകയായിരുന്നു. ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്‍റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇന്ത്യൻ ഏകദിന ജേഴ്സിയിലേക്ക് തിരിച്ചെത്തുക തന്നെയാണ് തന്‍റെ പ്രധാന ലക്ഷ്യമെന്ന് പന്ത് ഉറപ്പിച്ചുപറയുന്നു.
