കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 353 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ എയ്‌ക്ക് മുന്നില്‍ വച്ചുനീട്ടിയത്
കൊളംബോ: ധാക്കയില്‍ ഇന്ത്യ- ബംഗ്ലാദേശ് വനിതകള്‍ മൂന്നാം ഏകദിനത്തില്‍ മുഖാമുഖം വന്നപ്പോള്‍ അംപയറിംഗ് വലിയ വിവാദമായിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. ബംഗ്ലാദേശിലെ മോശം അംപയറിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരസ്യമായി തുറന്നടിച്ചപ്പോള്‍ ക്രിക്കറ്റിലെ അംപയര്‍മാരുടെ മണ്ടന്‍ തീരുമാനങ്ങള്‍ക്ക് അവസാനമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ എയും പാകിസ്ഥാന്‍ എയും ഏറ്റുമുട്ടുന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ വിവാദമായിരിക്കുകയാണ് രണ്ട് അംപയറിംഗ് തീരുമാനങ്ങള്‍.
കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എ 353 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ എയ്‌ക്ക് മുന്നില്‍ വച്ചുനീട്ടിയത്. ഇതിലേക്ക് മികച്ച തുടക്കം നേടിയ ഇന്ത്യന്‍ ഓപ്പണര്‍ സായ് സുദര്‍ശന്‍ പുറത്തായത് നോബോള്‍ ആണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത ഒരു പന്തിലായിരുന്നു. പാക് ബൗളര്‍ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ കാല്‍ ബൗളിംഗ് ക്രീസിലെ വര കടന്നിരുന്നോ എന്ന് ഉറപ്പിക്കാന്‍ പര്യാപ്തമായ സാങ്കേതിക സൗകര്യങ്ങള്‍ ഫൈനലിനുണ്ടായിരുന്നില്ല. ഇതിന് ശേഷം ഒരിക്കല്‍ കൂടി അംപയറിംഗ് വലിയ വിവാദമായി. ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റര്‍ നികിന്‍ ജോസ്, മുഹമ്മദ് വസീം ജൂനിയറിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ മുഹമ്മദ് ഹാരിസിന് ക്യാച്ച് നല്‍കി മടങ്ങി എന്നാണ് അംപയര്‍ വിധിച്ചത്. എന്നാല്‍ പന്ത് നികിന്‍റെ ബാറ്റിന്‍റെ ഏഴയലത്തുകൂടെ പോലും പോയില്ല എന്നാണ് പിന്നീട് റിപ്ലേ ദൃശ്യങ്ങളില്‍ വ്യക്തമായത്.
എമേര്‍ജിംഗ് ഏഷ്യാ കപ്പ് പോലൊരു പ്രധാന ടൂര്‍ണമെന്‍റില്‍ അംപയര്‍മാരെ സഹായിക്കാന്‍ തക്ക സാങ്കേതിക സൗകര്യമില്ലാത്തതിനെതിരെ ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ ഉന്നയിക്കുന്നത്. പ്രത്യേകിച്ച്, നികിന്‍ ജോസിനെ പുറത്താക്കിയ അംപയറുടെ നടപടിക്കാണ് കൂടുതല്‍ ശകാരം. സായ് സുദര്‍ശന്‍ 28 പന്തില്‍ 29 ഉം നികിന്‍ ജോസ് 15 പന്തില്‍ 11 ഉം റണ്‍സെടുത്താണ് പുറത്തായത്. ടൂര്‍ണമെന്‍റില്‍ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് സായ്.
Read more: വിന്‍ഡീസ് ഇന്നെടുത്തത് 22 റണ്‍സ് മാത്രം; അഞ്ച് വിക്കറ്റുമായി സിറാജ് കൊടുങ്കാറ്റ്, ഇന്ത്യക്ക് ലീഡ്
