Asianet News MalayalamAsianet News Malayalam

Virat Kohli : വിമര്‍ശനങ്ങളൊക്കെ അവിടെ നില്‍ക്കട്ടേ; അത്രമോശമല്ല കോലിയുടെ കണക്കുകൾ, കാരണമുണ്ട്

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ ആയിരത്തിലേറെ റൺസ് നേടിയ ഏക താരം കോലിയാണ്

ENG vs IND Amid out of form concerns Virat Kohli better among other Indian batters
Author
Lord's Cricket Ground, First Published Jul 16, 2022, 9:28 AM IST

ലോര്‍ഡ്‌സ്: ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിയാണ്(Virat Kohli) ഇപ്പോൾ ചർച്ചാവിഷയം. കോലിയുടെ മങ്ങിയ ഫോമാണ് ഇതിന് കാരണം. റൺകണ്ടെത്താൻ പാടുപെടുന്ന വിരാട് കോലി ഇപ്പോൾ സ്ഥിരം കാഴ്ചയായിക്കഴിഞ്ഞു. അവസാന ഏഴ് ഇന്നിംഗ്സിൽ ഉയ‍ർന്ന സ്കോർ 23 മാത്രം. 2019 നവംബർ ഇരുപത്തിമൂന്നിന് ശേഷം ഒറ്റ സെഞ്ചുറിയില്ല. ഇതുകൊണ്ടുതന്നെ ടീമിലെ കോലിയുടെ സ്ഥാനംപോലും ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ രോഹിത് ശർമ്മയടക്കമുള്ള(Rohit Sharma) മറ്റുതാരങ്ങളുടെ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോൾ അത്രമോശമല്ല കോലിയുടെ കണക്കുകൾ.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ ആയിരത്തിലേറെ റൺസ് നേടിയ ഏക താരം കോലിയാണ്. ഇക്കാലയളവിൽ 46.6 ആണ് ബാറ്റിംഗ് ശരാശരി, സ്ട്രൈക്ക് റേറ്റ് 92ഉം. 2020ൽ കോലി കളിച്ചത് 9 ഏകദിനത്തിൽ. അ‍ഞ്ച് അർധസെഞ്ചുറിയോടെ സ്വന്തമാക്കിയത് 431 റൺസ്. ഇംഗ്ലണ്ട് പര്യടനത്തിലെ ട്വന്‍റി 20യിൽ ഒന്നും പതിനൊന്നും ടെസ്റ്റിൽ പതിനൊന്നും ഇരുപതുമായിരുന്നു കോലിയുടെ സ്കോർ. ലോർഡ്സ് ഏകദിനത്തിൽ പതിനാറ് റൺസിനും പുറത്തായി.

മുപ്പത്തിമൂന്നുകാരനായ കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്. എന്നാല്‍ ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ.

ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോര്‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന് ജയിച്ച ഇന്ത്യക്ക് കോലിയുടെ ബാറ്റിംഗ് പരാജയം ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ തോല്‍വിക്ക് ആക്കംകൂട്ടിയിരുന്നു.

Virat Kohli : വിരാട് കോലിക്ക് വിശ്രമമോ, എന്തിന്; തുറന്നടിച്ച് മുന്‍ സെലക്‌ടര്‍

Follow Us:
Download App:
  • android
  • ios