Asianet News MalayalamAsianet News Malayalam

ടെസ്റ്റില്‍ ഒറ്റ ദിവസം കൊണ്ട് 500ന് മുകളിലടിച്ച് ലോക റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്, നാണംകെട്ട് പാക്കിസ്ഥാന്‍

ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ 174, രണ്ടാം സെഷനില്‍ 158, മൂന്നാം സെഷനില്‍ 174 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ട് സ്കോര്‍ ചെയ്തത്. അവസാന 174 റണ്‍സ് വെറും 21 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്.

England Become First Team To Score 500 Runs On Day 1 Of A Test
Author
First Published Dec 1, 2022, 7:13 PM IST

ലാഹോർ: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗുമായി ലോക റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്. ടെസ്റ്റിന്‍റെ ആദ്യ ദിനം 500 റണ്‍സിന് മുകളില്‍ നേടിയ ഇംഗ്ലണ്ട് ഒരു ടെസ്റ്റില്‍ ഒരു ദിവസം 500ന് മുകളില്‍ റണ്‍സടിക്കുന്ന ആദ്യ ടീമായി. 112 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരു ദിവസം 500ന് മുകളില്‍ റണ്‍സടിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ നേടിയ 494-6 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഇന്ന് പിന്നിലാക്കിയത്. വെളിച്ചക്കുറവ് മൂലം ഇന്ന് 75 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. 6.75 ഇക്കോണമിയിലാണ് ഇംഗ്ലണ്ട് ഇന്ന് റണ്‍സടിച്ചത്.

ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ 174, രണ്ടാം സെഷനില്‍ 158, മൂന്നാം സെഷനില്‍ 174 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ട് സ്കോര്‍ ചെയ്തത്. അവസാന 174 റണ്‍സ് വെറും 21 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇംഗ്ലണ്ടിനായി നാലു ബാറ്റര്‍മാര്‍ സെഞ്ചുറി നേടി. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീമിലെ നാലു പേര്‍ സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്. ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 13.5 ഓവറില്‍ ഇംഗ്ലണ്ടിനെ 100 കടത്തി. 86 പന്തില്‍ ക്രോളി സെഞ്ചുറി തികച്ചപ്പോള്‍ ഡക്കറ്റും പിന്നാലെ സെഞ്ചുറിയിലെത്തി. ജോ റൂട്ട് നിരാശപ്പെടുത്തിയെങ്കിലും പിന്നാലെ വന്ന ഒലി പോപ്പും ഹാരി ബ്രൂക്കും സെഞ്ചുറികള്‍ നേടി. 80 പന്തിലാണ് ബ്രൂക്ക് സെഞ്ചുറി തികച്ചത്. പാക് സ്പിന്നറായ സൗദ് ഷക്കീലിനെ ഒരോവറില്‍ ആറു ഫോറടിച്ച് ബ്രൂക്ക് ഇംഗ്ലണ്ടിന്‍റെ അതിവേഗ ടെസ്റ്റ് സെഞ്ചുറിക്ക് അരികിലെത്തിയെങ്കിലും 90കളില്‍ വേഗം കുറഞ്ഞതോടെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് കൈവിട്ടു.

ടെസ്റ്റോ ടി20യോ, അമ്പരപ്പിച്ച് ഇംഗ്ലിഷ് വെടിക്കെട്ട്, 4 സെഞ്ചുറി, 75 ഓവറിൽ 500; അടിവാങ്ങി തളർന്ന് പാകിസ്ഥാൻ

ഓപ്പണർമാരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും 233 റൺസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ 81 പന്തിൽ 101 റൺസുമായി ബ്രൂക്കും, 15 പന്തിൽ 34 റൺസുമായി സ്റ്റോക്സുമാണ് ക്രീസിൽ. ഇംഗ്ലണ്ടാകട്ടെ സ്റ്റംമ്പ് എടുക്കുമ്പോൾ 75 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 506 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 73 ബൗണ്ടറികളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് പ്രകടനം. ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ കളിക്കാരെ അജ്ഞാത് വൈറസ് രോഗം ബാധിച്ചതിനാല്‍ മത്സരം ഇന്ന് നടക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

ഈ വര്‍ഷമാദ്യം ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിച്ച അതേ പിച്ചാണ് ഇന്നത്തെ മത്സരത്തിനും ഉപോഗിച്ചത്. അന്ന് 1,187 റണ്‍സാണ് ഇരു ടീമും അടിച്ചെടുത്തത്. ആകെ വീണത് 14 വിക്കറ്റ് മാത്രവും. ശരാശരിയിലും താവെ നിലവാരമുള്ള പിച്ചെന്ന് ഐസിസി അന്ന് വിലയിരുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios