Asianet News MalayalamAsianet News Malayalam

ആദ്യ ദിനം, 75 ഓവര്‍, 506 റണ്‍സ്, നാല് സെഞ്ചുറി! ഞെട്ടിച്ച് ഇംഗ്ലണ്ട്; പാക് ടീമിന് വിമര്‍ശനപ്പൂരം

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം കണ്ടവരെല്ലാം തലയില്‍ കൈവിച്ചിരിക്കുകയാണ്

England stunned cricket world with 506 runs including four tons in a single day in PAK vs ENG 1st Test
Author
First Published Dec 1, 2022, 6:02 PM IST

റാവല്‍പിണ്ടി: ഇതാണ് ക്രിക്കറ്റിലെ തല്ലുമാല, ബാറ്റെടുത്തവരെല്ലാം അടിയോടടി. കിടിലോല്‍ക്കിടിലം എന്ന് വിളിക്കാവുന്ന നാല് സെഞ്ചുറികള്‍. ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് 74.19 എങ്കില്‍ കൂടിയ പ്രഹര ശേഷി 226.67. ഈ മാരക ബാറ്റിംഗ് പ്രകടത്തില്‍ ആദ്യ ദിനത്തില്‍ എറിഞ്ഞ 75 ഓവറുകളില്‍ നാല് വിക്കറ്റിന് 506 റണ്‍സ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടി. ഒരു ടെസ്റ്റ് മത്സരത്തിലാണ് ഈ കണക്കുകളെല്ലാം എന്നോര്‍ക്കണം. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം കണ്ടവരെല്ലാം തലയില്‍ കൈവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്‍റെ റണ്‍പെയ്‌ത്ത് കണ്ട് അത്ഭുതം കൊള്ളുകയാണ് ക്രിക്കറ്റ് ലോകം, പാക് ബൗളര്‍മാര്‍ക്ക് രൂക്ഷ വിമര്‍ശനവും. 

റാവല്‍പിണ്ടി ടെസ്റ്റിന്‍റെ ആദ്യ ദിനം വെറും 75 ഓവറുകളെ എറിഞ്ഞുള്ളൂ. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യ ദിനം ഏതൊരു ടീമിന്‍റേയും ഉയര്‍ന്ന സ്കോറെന്ന(506-4) റെക്കോര്‍ഡ് ഇംഗ്ലണ്ട് താരങ്ങള്‍ അടിച്ചെടുത്തു. 90 ഓവറുകള്‍ ഇന്ന് എറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക്ക് ക്രൗലി(111 പന്തില്‍ 122), ബെന്‍ ഡക്കറ്റ്(110 പന്തില്‍ 107), ഒലീ പോപ്(104 പന്തില്‍ 108). ഹാരി ബ്രൂക്ക്(81 പന്തില്‍ 107*) എന്നിവര്‍ സെഞ്ചുറി നേടി. ജോ റൂട്ട് 31 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ടി20 ശൈലിയില്‍ ബാറ്റ് വീശുന്ന നായകന്‍ ബെന്‍ സ്റ്റോക്‌സാണ്(15 പന്തില്‍ 34*) ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബ്രൂക്കിനൊപ്പം ക്രീസില്‍. 

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബാറ്റ് കൊണ്ട് സംഹാരതാണ്ഡവമാടുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. രാവിലത്തെ സെഷനില്‍ 174 ഉം രണ്ടാം സെഷനില്‍ 158 ഉം വൈകിട്ടത്തെ സെഷനില്‍ 174 ഉം റണ്‍സ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടി. അവസാന 21 ഓവറില്‍ 174 റണ്‍സ് പിറന്നു എന്ന് പറയുമ്പോള്‍ തന്നെ അറിയാം ഇംഗ്ലീഷ് പ്രഹരശേഷിയുടെ ചൂട്. റാവല്‍പിണ്ടിയില്‍ ഗംഭീര തുടക്കമാണ് ഇംഗ്ലണ്ട് നേടിയത്. 13.5 ഓവറില്‍ ക്രൗലിയും ഡക്കറ്റും ടീമിനെ 100 കടത്തിയിരുന്നു. സൗദ് ഷക്കീലിനെതിരെ ഒരോവറില്‍ ആറ് ഫോറുകള്‍ പറത്തി ബ്രൂക്ക് ഞെട്ടിച്ചതും ആദ്യ ദിനത്തിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നാണ്. അതേസമയം പാക് ബൗളര്‍മാരിലെ കുറഞ്ഞ ഇക്കോണമി 5.60 ഉം ഉയര്‍ന്നത് 15.00വും ആണ്. 

ടെസ്റ്റോ ടി20യോ, അമ്പരപ്പിച്ച് ഇംഗ്ലിഷ് വെടിക്കെട്ട്, 4 സെഞ്ചുറി, 75 ഓവറിൽ 500; അടിവാങ്ങി തളർന്ന് പാകിസ്ഥാൻ

Follow Us:
Download App:
  • android
  • ios