ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വില്ലനായി വീണ്ടും മഴ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 258 റണ്‍സിന് മറുപടിയായി മൂന്നാം ദിനം മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സുമായി സ്റ്റീവ് സ്മിത്തും റണ്ണൊന്നുമെടുക്കാതെ മാത്യു വെയ്ഡും ക്രീസില്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ഓസീസിന് 60 റണ്‍സില്‍ എത്തിയപ്പോള്‍ ബാന്‍ക്രോഫ്റ്റിന്റെ വിക്കറ്റ് നഷ്ടമായി. അതേ സ്കോറില്‍ ഖവാജയും വീണതോടെ ഓസീസ് പ്രതിരോധത്തിലായി. കാമറോണ്‍ ബാന്‍ക്രോഫ്റ്റ്(13), ഡേവിഡ് വാര്‍ണര്‍(3), ഉസ്മാന്‍ ഖവാജ(36), ട്രാവിസ് ഹെഡ്(7) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ‍് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്സും ഓരോ വിക്കറ്റെടുത്തു. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിന് 178 റണ്‍സ് പുറകിലാണ് ഓസീസ് ഇപ്പോള്‍. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി തിളങ്ങിയ സ്റ്റീവ് സ്മിത്തിലാണ് നാലാം ദിനം ഓസീസിന്റെ പ്രതീക്ഷ. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസീസ് ജയിച്ചിരുന്നു.