Asianet News MalayalamAsianet News Malayalam

ബർമിം​ഗ്ഹാം ടെസ്റ്റ്: കോൺവെ തിളങ്ങി; ഇം​ഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് മേൽക്കൈ

തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർ ഡെവോൺ കോൺവെ കിവീസിനായി തിളങ്ങി. സ്കോർ ബോർഡിൽ 15 റൺസ് എത്തുമ്പോഴേക്കും ക്യാപ്റ്റൻ ടോം ലാഥമിനെ(6) നഷ്ടമായെങ്കിലും കോൺവെയും(80) യങും ചേർന്ന് രണ്ടാം വിക്കറ്റിൽ 122 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവീസിനെ കരകയറ്റി.

England vs New Zeland 2nd cricket test day 2 match report
Author
Birmingham, First Published Jun 11, 2021, 11:13 PM IST

ബർമിം​ഗ്ഹാം: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ന്യൂസിലൻഡിന് മേൽക്കൈ. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 303 റൺസിന് മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന ശക്തമായ നിലയിലാണ്. 82 റൺസോടെ വില്ലി യങും 46 റൺസുമായി റോസ് ടെയ്ലറും ക്രീസിൽ. എട്ടു വിക്കറ്റ് ശേഷിക്കെ ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോർ മറികടക്കാൻ ന്യൂസിലൻഡിന് ഇനി 74 റൺസ് കൂടി മതി.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർ ഡെവോൺ കോൺവെ കിവീസിനായി തിളങ്ങി. സ്കോർ ബോർഡിൽ 15 റൺസ് എത്തുമ്പോഴേക്കും ക്യാപ്റ്റൻ ടോം ലാഥമിനെ(6) നഷ്ടമായെങ്കിലും കോൺവെയും(80) യങും ചേർന്ന് രണ്ടാം വിക്കറ്റിൽ 122 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവീസിനെ കരകയറ്റി. കോൺവെയെ പുറത്താക്കി ബ്രോഡ് ഇം​ഗ്ലണ്ടിന് ആശ്വസിക്കാൻ വക നൽകിയെങ്കിലും പിന്നീടെത്തിയ റോസ് ടെയ്ലർ യങിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇം​ഗ്ലണ്ടിന്റെ പിടി അയഞ്ഞു.സ്റ്റുവർട്ട് ബ്രോഡാണ് ഇം​ഗ്ലണ്ടിനായി രണ്ടു വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇം​ഗ്ലണ്ട് 45 റൺസ് കൂടി കൂട്ടിച്ചേർത്ത് ഓൾ ഔട്ടായി. 81 റൺസെടുത്ത ഡാനിയേൽ ലോറൻസ് പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് നാലും മാറ്റ് ഹെന്റി മൂന്നും വിക്കറ്റെടുത്തപ്പോൾ അജാസ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ദിനം 16 റൺസുമായി ഡാനിയേൽ ലോറൻസിന് മികച്ച പിന്തുണ നൽകിയ മാർക്ക് വുഡ് 41 റൺസെടുത്ത് പുറത്തായി. എട്ടാം വിക്കറ്റിൽ 66 റൺസാണ് ലോറൻസ്-വുഡ് സഖ്യം കൂട്ടിച്ചേർത്തത്. മാർക്ക് വുഡിനെ വീഴ്ത്തി മാറ്റ് ഹെന്റിയാണ് കിവീസിന് രണ്ടാം ദിനം ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ബ്രോഡിനെയും ആൻഡേഴ്സണെയും മടക്കി ബോൾട്ട് ഇം​ഗ്ലണ്ട് ഇന്നിം​ഗ്സ് അവസാനിപ്പിച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios