പ്രതിഭകളുടെ കുത്തൊഴുക്കില്‍ പലപ്പോഴും സര്‍ഫറാസിന്‍റെ പ്രകടനങ്ങള്‍ക്കുനേരെ സെലക്ടര്‍മാര്‍ കണ്ണടച്ചു. ഐപിഎല്‍ താരങ്ങള്‍ പോലും ടെസ്റ്റ് ടീമില്‍ അരങ്ങേറിയിട്ടും സര്‍ഫറാസിനെ മാത്രം എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് ഒരിക്കലും പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സര്‍ഫറാസ് ഖാന് വിളിയെത്തിയത് നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിരാട് കോലിയുടെ അപ്രതീക്ഷിത പിന്‍മാറ്റവും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കുമൂലം പുറത്തായതുമാണ് സര്‍ഫറാസിനെ ഇന്ത്യന്‍ ടീമിലും ഒടുവില്‍ പ്ലേയിംഗ് ഇലവനിലുമെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നോ നാലോ വര്‍ഷമായി ടണ്‍ കണക്കിന് റണ്‍സ് അടിച്ചുകൂട്ടിയിട്ടും സര്‍ഫറാസിനെ ഒരിക്കല്‍ പോലും ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെപ്പോലും നിരാശരാക്കിയിരുന്നു.

പ്രതിഭകളുടെ കുത്തൊഴുക്കില്‍ പലപ്പോഴും സര്‍ഫറാസിന്‍റെ പ്രകടനങ്ങള്‍ക്കുനേരെ സെലക്ടര്‍മാര്‍ കണ്ണടച്ചു. ഐപിഎല്‍ താരങ്ങള്‍ പോലും ടെസ്റ്റ് ടീമില്‍ അരങ്ങേറിയിട്ടും സര്‍ഫറാസിനെ മാത്രം എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് ഒരിക്കലും പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു. കാത്തിരിപ്പ് കുറച്ചധികം നീണ്ടെങ്കിലും അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി സര്‍ഫറാസ് ഇന്ത്യന്‍ ടീമിലേക്കുള്ള തന്‍റെ വരവറിയിക്കുകയും ചെയ്തു.

ആദ്യം ഉടക്കി, പിന്നെ ഡബിളടിച്ചപ്പോള്‍ യശസ്വിയെക്കാള്‍ വലിയ ആഘോഷം, ആറ്റിറ്റ്യൂഡിലും സൂപ്പറാണ് സര്‍ഫറാസ്

ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കാന്‍ ബുദ്ധിമുട്ടിയതുപോലെ തന്നെയായിരുന്നു സര്‍ഫറാസിന്‍റെ ജീവിതവും. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയതാണ് സര്‍ഫറാസിന്‍റെ കുടുംബം. റെയില്‍വെയിലെ ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്ന സര്‍ഫറാസിന്‍റെ അച്ഛൻ നൗഷാദ് ഖാന് ജോലിയില്‍ നിന്നുളള്ള വരുമാനം കൊണ്ട് മാത്രം മുംബൈയെന്ന മഹാനഗരത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായില്ല. അതുകൊണ്ട് തന്നെ നൗഷാദ് ഖാന്‍ ജോലിസമയം കഴിഞ്ഞ് അധികവരുമാനമെന്തെങ്കിലും കണ്ടെത്താനായി ലോക്കല്‍ ട്രെയിനുകളില്‍ മിഠായിയും വെള്ളരിക്കയും വില്‍ക്കാന്‍ പോകുക പതിവായിരുന്നു. പിന്നീട് കച്ചവടം ഒന്നു കൂടി പരിഷ്കരിച്ച് അത് ട്രെയിനുകളിലെ ട്രാക്ക് പാന്‍റ് വില്‍പനയായി.

ഞങ്ങള്‍ ചേരിയില്‍ നിന്ന് വന്നവരാണ്. അതുകൊണ്ട് തന്നെ നീണ്ട കാത്തിരിപ്പുകള്‍ ഞങ്ങള്‍ക്ക് പുത്തരിയില്ല. ടോയ്ലെറ്റില്‍ പോകണമെങ്കില്‍ പോലും ഞങ്ങള്‍ക്ക് നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടിവരാറുണ്ട്. പലപ്പോഴും സര്‍ഫറാസിനെ മറികടന്നോ അടിച്ചോ ഒക്കെ ആളുകള്‍ ക്യൂ മറികടന്ന് മുന്നോട്ട് പോകും. ഒന്നുമില്ലായ്മയില്‍ നിന്ന് വന്നവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഒന്നുമില്ലായ്മയിലേക്ക് തിരിച്ചുപോകാനും ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല. ഒരിക്കല്‍ സര്‍ഫറാസ് എന്നോട് പറ‌ഞ്ഞത്, അബ്ബാ, എനിക്ക് ഒരിക്കലെങ്കിലും ഇന്ത്യക്കായി കളിക്കാനായില്ലെങ്കില്‍ നമുക്ക് വീണ്ടും ട്രെയിനുകളിലെ ട്രാക്ക് പാന്‍റ് വില്‍പന തുടരാമെന്നായിരുന്നു-നൗഷാദ് ഖാന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

'അവനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല'; ഡബിൾ സെഞ്ചുറിയടിച്ചിട്ടും യശസ്വിയെ പ്രശംസിക്കാൻ മടിച്ച് രോഹിത് ശർമ

രാജ്കോട്ട് ടെസ്റ്റില്‍ നൗഷാദ് അനില്‍ കുംബ്ലെയില്‍ നിന്ന് ഇന്ത്യന്‍ ക്യാപ് സ്വീകരിച്ചപ്പോഴും ബാറ്റ് ചെയ്യാനായി ക്രീസിലിറങ്ങിയപ്പോഴും ഈ ഓര്‍മകളെല്ലാം നൗഷാദിന്‍റെ മനസിലൂടെ കടന്നുപോയിരിക്കാം. അതുകൊണ്ടാകാം മകന്‍റെ അരങ്ങേറ്റം കണ്ട് അദ്ദേഹം കണ്ണീരണിഞ്ഞത്. നാലു മണിക്കൂറോളം പാഡ് ചെയ്തിരുന്ന ശേഷമായിരുന്നു സര്‍ഫറാസ് ക്രീസിലേക്ക് നടന്നത്. എന്‍റെ അവസരത്തിനായി നാലു മണിക്കൂറോളം ഞാന്‍ കാത്തിരുന്നു. ആ സമയത്തൊക്കെ ഞാന്‍ എന്നോട് പറഞ്ഞത്, ക്ഷമയോടെ കാത്തിരിക്കു നിന്‍റെ സമയം വരുമെന്നായിരുന്നു-സര്‍ഫറാസ് മത്സരശേഷം പറഞ്ഞു.

രാജ്കോട്ട് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 33-3 എന്ന സ്കോറില്‍ ഇന്ത്യ പതറിയപ്പോള്‍ അഞ്ചാം നമ്പറില്‍ സര്‍ഫറാസ് വരുമെന്നായിരുന്നു കരുതിയിരുന്നത്.എന്നാല്‍ സര്‍ഫറാസിന് പകരം രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്. ജഡേജയും രോഹിത്തും മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് സര്‍ഫറാസിന്‍റെ കാത്തിരിപ്പ് നീണ്ടത്.

എന്തൊരു താരമാണവൻ; ഇംഗ്ലണ്ടിനെ തല്ലിതകര്‍ത്തിട്ടും യശസ്വിയെ ചേര്‍ത്തു പിടിച്ച് ജോസേട്ടൻ

അരങ്ങേറ്റക്കാരന്‍റെ യാതൊരു പതര്‍ച്ചയുമില്ലാതെ എനിക്ക് ബാറ്റ് ചെയ്യാനായി. ചുമലില്‍ നിന്ന് എന്തോ ഒരു ഭാരം എടുത്തുവെച്ടതുപോലെയാണ എനിക്ക് തോന്നിയത്. എന്‍റെ കളി കാണാന്‍ ആദ്യം അച്ഛന്‍ ഗ്രൗണ്ടിലേക്ക് വരാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് സൂര്യകുമാര്‍ യാദവ് അടക്കം പലരും നിര്‍ബന്ധിച്ചാണ് അദ്ദേഹം ഗ്രൗണ്ടിലേക്ക് വന്നതെന്നും സര്‍ഫറാസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ട് അര്‍ധസെഞ്ചുറികളുമായി അരങ്ങേറ്റം ഗംഭീരമാക്കിയ സര്‍ഫറാസിന് ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയോടെ തുടക്കമിടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. എങ്കിലും കാത്തിരിക്കാന്‍ സര്‍ഫറാസ് ഒരുക്കമാണ്. കാരണം കാത്തിരിപ്പ് സര്‍ഫറാസിന് പുതുമയല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക