സഞ്ജുവിനെ പകരം ഓപ്പണറായി ഇറങ്ങുന്ന ഗില്ലിന് ഈ വര്‍ഷം കളിച്ച 13 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല.
കട്ടക്ക്: ഓപ്പണറായി മൂന്ന് സെഞ്ചുറികളടിച്ച മലയാളി താരം സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്‍ മൂന്ന് പന്തില്‍ നാലു റണ്‍സെടുത്ത് ലുങ്കി എന്‍ഗിഡിയുടെ ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു.
സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ഗില്ലിന് ഈ വര്‍ഷം കളിച്ച 13 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. 26.3 ശരാശരിയിലും 143.71 സ്ട്രൈക്ക് റേറ്റിലും 263 റണ്‍സാണ് ഈ വര്‍ഷം ഓപ്പണറായി ഇറങ്ങിയ ഗില്‍ ഇതുവരെ നേടിയത്. കഴിഞ്ഞ 13 ഇന്നിംഗ്സില്‍ 20(9), 10(7), 5(8), 47(28), 29(19), 4(3), 12(10), 37*(20), 5(10), 15(12), 46(40), 29(16), 4(2) എന്നിങ്ങനെയാണ് ഗില്ലിന്‍റെ സ്കോറുകള്‍. കട്ടക്കില്‍ എന്‍ഗിഡിയുടെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ ഗില്ലിന് അടുത്ത പന്തില്‍ മാര്‍ക്കോ യാന്‍സന് ക്യാച്ച് നല്‍കി മടങ്ങി.
ഇതിന് പിന്നാലെയാണ് ആരാധകര്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ഗില്‍ ക്രീസിലെത്തുമ്പോള്‍ മാഗി ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ മാഗ് റെഡിയാവുന്ന നേരം മതി തിരിച്ചെത്താനെന്നായിരുന്നു ആരാധകരുടെ പരിഹാസം. ഓപ്പണറായി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി അടക്കം മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവും ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള യശസ്വി ജയ്സ്വളുമുള്ളപ്പോഴാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കി പരീക്ഷിച്ചത്.


