ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ തുടങ്ങിയത്.

കട്ടക്ക്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന നിലയിലാണ്. 9 പന്തില്‍ 9 റണ്‍സോടെ അഭിഷേക് ശര്‍മയും 14 പന്തില്‍ 11 റണ്‍സുമായി തിലക് വര്‍മയും ക്രീസില്‍. നാലു റണ്‍സെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും 12 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. ലുങ്കി എന്‍ഗിഡിക്കാണ് രണ്ട് വിക്കറ്റും.

പവര്‍ പോയ പവര്‍ പ്ലേ

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ മാര്‍ക്കോ യാന്‍സന്‍റെ കൈകളിലെത്തിച്ച് എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു. മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആറ് പന്തും നേരിട്ടെങ്കിലും അവസാന പന്തില്‍ മാത്രമാണ് സിംഗിളെടുക്കാനായത്.എന്നാല്‍ എന്‍ഗിഡി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ സിക്സും നേടി പ്രതീക്ഷ നല്‍കിയ സൂര്യകുമാര്‍ യാദവ് അടുത്ത പന്തില്‍ വീണു. 11 പന്തില്‍12 റണ്‍സെടുത്ത സൂര്യയെ എന്‍ഗിഡിയുടെ പന്തില്‍ ഏയ്ഡന്‍ മാര്‍ക്രം പിടികൂടി.

ആദ്യ മൂന്നോവറില്‍ 3 പന്ത് മാത്രമാണ് അഭിഷേക് ശര്‍മ നേരിട്ടത്. മൂന്നോവറില്‍ 18-2 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് നാലാം ഓവറില്‍ സിക്സ് നേടിയ അഭിഷേക് ശര്‍മ പ്രതീക്ഷ നല്‍കി.അഞ്ചാം ഓവറില്‍ സിംപാലക്കെതിരെയും അഭിഷേക് ബൗണ്ടറി നേടി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി നേടിയ തിലക് വര്‍മ ഇന്ത്യയെ 40 റണ്‍സിലെത്തിച്ചു.

വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായി. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ച പേസര്‍ ജസ്പ്രീത് ബുമ്രയും പരിക്കുമൂലം പുറത്തായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നാം പേസറായി അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ക്വിന്‍റൺ ഡി കോക്ക്, ഏയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ.

ഇന്ത്യ പ്ലേിയംഗ് ഇലവൻ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക