ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുമ്പ് പാക് താരം ഷഹീദ് അഫ്രീദിയുമായുള്ള അജയ് ദേവ്ഗണിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ലണ്ടൻ: ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടു മുമ്പ് പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പാക് താരം ഷഹീദ് അഫ്രീദിയും ബോളിവുഡ് താരം അജയ് ദേവ്ഗണുമൊത്തുള്ള ചിത്രങ്ങള്‍. ഗ്രൗണ്ടില്‍ അഫ്രീദിക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന അജയ് ദേവ്ഗണിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളില്‍ വൈറലായത്.

ഇതിന് പിന്നാലെ അജയ് ദേവ്ഗണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. സ്ക്രീനില്‍ പട്ടാളക്കാരനായും പൊലീസുകാരനായും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നടന്‍റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിച്ചത്.

Scroll to load tweet…

എന്നാല്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് ആരാധകരുടെ വിമര്‍ശനം എന്നതാണ് വസ്തുത. അജയ് ദേവ്ഗൺ, ഷഹീദ് അഫ്രീദിക്കൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലേതാണ്. ഇത് തിരിച്ചറിയാതെയാണ് അജയ് ദേവ്ഗണിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

Scroll to load tweet…

ഞായറാഴ്ചയായിരുന്നു മുന്‍ താരങ്ങള്‍ മത്സരിക്കുന്ന വേള്‍ഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്‍ഡ്സ് ടൂര്‍ണമെന്‍റില്‍ യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാമ്പ്യൻസും പാകിസ്ഥാന്‍ ചാമ്പ്യൻസും തമ്മില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനങ്ങള്‍ നടത്തിയ ഷഹീദ് അഫ്രീദി പാകിസ്ഥാൻ ടീമിലുണ്ടെന്നതും ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായി കളിക്കാനില്ലെന്ന് ഇന്ത്യൻ താരങ്ങള്‍ നിലപാടെടുത്തോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അഫ്രീദി നടത്തിയ വിവാദ പ്രസ്താവനകളാണ് കടുത്ത നിലപാടെടുക്കാന്‍ ഇന്ത്യൻ ടീമിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണം സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ ഇന്ത്യ തന്നെ നടത്തിയതാണെന്നും തീവ്രവാദികള്‍ ഇന്ത്യക്കാരെ വെടിവെച്ചു കൊല്ലുമ്പോള്‍ എട്ട് ലക്ഷം സൈനികരുള്ള ഇന്ത്യയില്‍ നിന്ന് ഒരാള്‍ പോലും എതിര്‍ക്കാനായി ഉണ്ടായിരുന്നില്ലെന്നും അഫ്രീദി ആരോപിച്ചിരുന്നു. ഇന്ത്യ തന്നെ സ്വന്തം പൗരന്‍മാരെ വെടിവെച്ചു കൊന്നശേഷം പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും അഫ്രീദി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക