Asianet News MalayalamAsianet News Malayalam

ആക്ഷേപത്തിന് അനുഷ്‌ക ശര്‍മ്മയുടെ ചുട്ടമറുപടി; ഒടുവിൽ മാപ്പ് ചോദിച്ച് ഫറൂഖ് എഞ്ചിനീയര്‍

ലോകകപ്പിനിടെ സെലക്ഷന്‍ കമ്മിറ്റി അംഗം തനിക്ക് ചായ കൊണ്ടുതരുന്നത് കണ്ടു എന്ന മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫറൂഖ് എഞ്ചിനീയറുടെ വിവാദ പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ രംഗത്തെത്തിയിരുന്നു. 

Farokh Engineer Apologises after Anushka Sharma slams him
Author
Mumbai, First Published Nov 1, 2019, 10:55 AM IST

മുംബൈ: ഇം​ഗ്ലണ്ടിലെ ലോകകപ്പിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്ക്ക് സെലക്ഷന്‍ കമ്മിറ്റി അംഗം ചായ കൊണ്ടുകൊടുക്കുന്നതു കണ്ടു എന്ന വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫറൂഖ് എഞ്ചിനീയര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെയായിരുന്നു തന്റെ പരാമർശമെന്നും അനുഷ്ക ശർമ്മയെ ഉദ്ദേശിച്ചിരുന്നില്ലെന്നും ഫറൂഖ് പറഞ്ഞു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫറൂഖിന്റെ തുറന്നുപറച്ചിൽ.

"പാവം അനുഷ്ക ഇതിലേക്ക് വലിച്ചിഴപ്പെടുകയായിരുന്നു. വിരാട് കോലി സമർത്ഥനായ ക്യാപ്റ്റനാണ്. രവി ശാസ്ത്രിയും മികച്ച പരിശീലകനാണ്. കാര്യങ്ങളെല്ലാം അനാവശ്യമായി പുകയുകയാണ്. ഇന്ത്യൻ‌ ടീമിന്റെ വസ്ത്രം ധരിക്കുന്നവരെല്ലാം സെലക്ടർ ആയി മാറുകയാണെന്നും അഭിമുഖത്തില്‍ ഫറൂഖ് പറഞ്ഞതായി വാർത്താ ചാനലായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു.

ലോകകപ്പ് നടക്കുന്ന സമയത്തെ ടീം സെലക്ടർമാരെ ആരെയും തനിക്ക് അറിയില്ലായിരുന്നു. ഇന്ത്യൻ ടീമിന്റെ ടീ ഷേർട്ട് ധരിച്ചിരുന്നതിനാലാണ് അനുഷ്കയ്ക്ക് ചായ കൊടുത്തയാളോട് താങ്കൾ ആരാണെന്ന് ആരാഞ്ഞത്. അപ്പോഴാണ് അദ്ദേഹം ടീം സെലക്ഷൻ കമ്മിറ്റിയിലെ അം​ഗമാണെന്ന് അറിയുന്നതെന്നും ഫറൂഖ് കൂട്ടിച്ചേർത്തു.

വ്യാഴാഴ്ചയായിരുന്നു ലോകകപ്പിനെ ടീം സെലക്ടര്‍മാരിലൊരാള്‍ അനുഷ്‌കയ്ക്ക് ചായ നല്‍കുന്നത് കണ്ടുവെന്ന ആരോപണം ഫറൂഖ് ഉന്നയിച്ചത്. അനുഷ്‌ക ശര്‍മ്മയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ജോലിയെന്നും ഒരു യോഗ്യതയുമില്ലാത്തവരാണ് ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നുമായിരുന്നു ഫാറൂഖ് എഞ്ചിനീയറിന്റെ പരാമർശം.

ഫറൂഖിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് അനുഷ്ക ശർമ്മ രം​ഗത്തെിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് അനുഷ്ക സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഇത്രയും കാലം മിണ്ടാതിരുന്നത് ബലഹീനതയായി കാണരുതെന്നും ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങളെന്നും അനുഷ്‌ക ട്വീറ്റില്‍ കുറിച്ചു.

സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിക്കണമെങ്കില്‍ അതു ചെയ്‌തോളൂ. എപ്പോഴും അതിലേക്ക് തന്റെ പേര് വലിച്ചിഴച്ച് മാധ്യമശ്രദ്ധ നേടരുത്. ഇന്ത്യയുടെ ടീം മീറ്റിങ്ങില്‍ താന്‍ പങ്കെടുക്കുന്നുവെന്നും സെലക്ഷനില്‍ ഇടപെടുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ വിദേശ പരമ്പരകളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു. അതുകൊണ്ടാണ് അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എനിക്കായി സുരക്ഷ ഒരുക്കുന്നതും ടിക്കറ്റെടുക്കുന്നതും ബിസിസിഐ ആണെന്നും ആരോപണമുണ്ടായിരുന്നു. തന്റെ സ്വന്തം പൈസ കൊണ്ടാണ് വിമാന ടിക്കറ്റെടുക്കുന്നതെന്നും അനുഷ്ക വ്യക്തമാക്കി.

Read More:'ചായയല്ല, ഞാന്‍ കാപ്പിയാണ് കുടിക്കാറ്'; ഫറൂഖ് എഞ്ചിനീയര്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി അനുഷ്ക ശര്‍മ

ഇപ്പോള്‍ തനിക്കെതിരേ ഉയര്‍ന്ന പുതിയ ആരോപണം തനിക്ക് ചായ കൊണ്ടുതരുന്നത് സെലക്ടര്‍മാരുടെ പണിയാണെന്നാണ്. ലോകകപ്പില്‍ ഒരു മത്സരം കാണാന്‍ മാത്രമാണ് പോയത്. അത് ഫാമിലി ബോക്‌സിലിരുന്നാണ് കണ്ടത്. അല്ലാതെ സെലക്ടര്‍മാര്‍ക്കൊപ്പമല്ല. സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിക്കുന്നതിലേക്ക് എന്റെ പേര് വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന് മാത്രമുള്ള മറുപടിയല്ല ഇത്. ഏറെക്കാലമായി ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ്. ഇനി അടുത്തതവണ എന്റെ പേരുപയോഗിച്ച് ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുങ്ങുന്നതിന് മുമ്പ് വസ്തുതകള്‍ നിരത്തണം. 

അന്തസ്സോടെ സ്വന്തമായി കെട്ടിപ്പടുത്ത കരിയറും ജീവിതവുമാണ് എന്റേത്. അത് ആരുടെയെങ്കിലും താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ല. സ്വന്തം കാലില്‍ നില്‍ക്കുന്നവളാണ് ഞാൻ. സ്വതന്ത്രയായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി എന്നു മാത്രമേയുള്ളു. ഇനി എല്ലാവരുടേയും അറിവിലേക്കായി അവസാനമായി ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ. ഞാന്‍ ചായ കുടിക്കാറില്ല, കാപ്പിയാണ് കുടിക്കാറുള്ളതെന്നും അനുഷ്‌ക ട്വീറ്റിൽ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios