ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം. ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 12.30ന് പിഎസ്‌ജി, ചെൽസിയെ നേരിടും.

ന്യൂജേഴ്സി: ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം.ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജി ഇംഗ്ലീഷ് വമ്പൻമാരായ ചെൽസിയെ നേരിടും. ഇന്ത്യയില്‍ ഫാന്‍കോഡ് ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം കാണാനാവും. ഫ്രഞ്ച് ലീഗിലും യൂറോപ്യൻ ലീഗിലും കിരീടം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് പിഎസ്‌ജി ലോക ചാമ്പ്യൻമാരാവാൻ ഒരുങ്ങുന്നത്. അതേസമയം, ക്ലബ് ലോകകപ്പിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ചെൽസി ഇറങ്ങുന്നത്.

ക്വാർട്ടറിൽ കരുത്തരായ ബയേൺ മ്യൂണിക്കിനേയും സെമിയിൽ റയൽ മാഡ്രിഡിനെയും തകർത്താണ് ലൂയിസ് എൻറികെയുടെ പിഎസ്‌ജി കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്. ബയേണിനെതിരെ പിഎസ്‌ജി രണ്ട് ഗോളിന് വീഴ്ത്തിയപ്പോൾ റയലിനെ തകർത്തത് നാല് ഗോളിനായിരുന്നു. അതേസമയം, ബ്രസീലിയൻ ക്ലബുകളായ പാൽമിറാസിന്‍റെയും ഫ്ലുമിനൻസിന്‍റെയും വെല്ലുവിളി അതിജീവിച്ചാണ് ചെൽസിയുടെ ഫൈനൽ പ്രവേശം. ക്വാർട്ടറിൽ പാൽമിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നപ്പോൾ സെമിയിൽ ചെൽസിയുടെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്.

പിഎസ്‌ജി ആരാധകർ ഉറ്റുനോക്കുന്നത് എതിരാളികൾക്കും സാഹചര്യത്തിനും അനുസരിച്ച് തന്ത്രങ്ങൾ ഒരുക്കുന്ന കോച്ച് ലൂയിസ് എൻറികെയിലേക്ക്. നെവെസ്, വിറ്റീഞ്ഞ, റൂയിസ് ത്രയം ഭരിക്കുന്ന മധ്യനിരയാണ് പിഎസ്‌ജിയുടെ നട്ടെല്ല്. ഗോളിലേക്ക് ഉന്നമിട്ട് ക്വാരസ്കേലിയയും ഡെംബലേയും യുവതാരം ഡുവേയും. ഹക്കീമിയും മാർക്വീഞ്ഞോയും നയിക്കുന്ന പ്രതിരോധവും ശക്തം.ഗോൾമുഖത്ത് വിശ്വസ്തനായി ഡോണറുമ.

2022ലെ ചാമ്പ്യൻമാരായ ചെല്‍സിയുടെ പ്രതീക്ഷ പക്ഷെ യുവതാരങ്ങളിലാണ്. ഗോൾ മുഖത്തേക്ക് ഇരച്ചെത്താൻ നെറ്റോയും പാമറും എൻകുകുവും പെഡ്രോയും. സസ്പെൻഷൻ കഴിഞ്ഞ് കോൾവില്ലും ഡെലാപ്പും പരിക്ക് മാറി കെയ്സോഡെയും തിരിച്ചെത്തുന്നത് ചെൽസിക്ക് ആശ്വാസമാകും. ഇരുടീമും ഇതിന് മുൻപ് നേർക്കുനേർ വന്നത് എട്ട് മത്സരങ്ങളിൽ. പിഎസ്‌ജി മൂന്നിലും ചെൽസി രണ്ടിലും ജയിച്ചു. മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക