ലഞ്ചിന് മുമ്പ് എന്‍റെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ തിരികെ സ്ട്രൈക്കില്‍ എത്തിക്കാനാണ് റിഷഭ് പന്ത് റിസ്കി സിംഗിളിനായി ഓടിയത്. നിര്‍ഭാഗ്യവശാല്‍ അത് റണ്ണൗട്ടില്‍ കലാശിച്ചു.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ നിര്‍ണായകമായത് റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന 141 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. മൂന്നാം ദിനം ആദ്യ സെഷനില്‍ വിക്കറ്റ് പോകാതെ പിടിച്ചുനിന്ന ഇരുവരും ചേര്‍ന്ന് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് റിഷഭ് പന്ത് നിര്‍ഭാഗ്യകരമായി റണ്ണൗട്ടായത് ഇന്ത്യൻ ഇന്നിംഗ്സിന്‍റെ താളം തെറ്റിച്ചു.

കെ എല്‍ രാഹുല്‍ സെഞ്ചുറിക്ക് അരികെ 98ല്‍ നില്‍ക്കുമ്പോഴായിരുന്നു ഷൊയ്ബ് ബഷീര്‍ എറിഞ്ഞ ലഞ്ചിന് തൊട്ടു മുമ്പത്തെ അവസാന ഓവറില്‍ റിഷഭ് പന്ത് ബെന്‍ സ്റ്റോക്സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുന്നത്. ലഞ്ചിനുശേഷം സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ രാഹുലും പുറത്തായത് ഇന്ത്യയുടെ ലീഡ് മോഹങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു.

ലഞ്ചിന് മുമ്പെ സെഞ്ചുറി തികയ്ക്കുമെന്ന കാര്യം താന്‍ റിഷഭ് പന്ത് റണ്ണൗട്ടാവുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ മൂന്നാം ദിനത്തിലെ കളിക്കുശേഷം വെളിപ്പെടുത്തി. രണ്ടോവര്‍ മുമ്പ് തന്നെ റിഷഭിനോട് ഞാനിക്കാര്യം സൂചിപ്പിച്ചിരുന്നു. ലഞ്ചിന് മുമ്പ് സെഞ്ചുറി തികയ്ക്കുമെന്ന്. ലഞ്ചിന് മുമ്പുള്ള അവസാന ഓവര്‍ ഷൊയ്ബ് ബഷീര്‍ എറിഞ്ഞതിനാല്‍ ആ ഓവറില്‍ സെഞ്ചുറി തികയ്ക്കാന്‍ എനിക്ക് മികച്ച അവസരമായിരുന്നു. ബൗണ്ടറി അടിക്കേണ്ട പന്ത് നേരെ ഫീല്‍ഡറുടെ അടുത്തേക്ക് പോയതിനാല്‍ എനിക്കാദ്യം സംഗിളെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. ലഞ്ചിന് മുമ്പ് എന്‍റെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ തിരികെ സ്ട്രൈക്കില്‍ എത്തിക്കാനാണ് റിഷഭ് പന്ത് റിസ്കി സിംഗിളിനായി ഓടിയത്. നിര്‍ഭാഗ്യവശാല്‍ അത് റണ്ണൗട്ടില്‍ കലാശിച്ചു. അത് ഒരിക്കലും സംഭവിക്കരുതായിരുന്നു. അത് കളിയുടെ ഗതിയെ തന്നെ മാറ്റിമറിച്ചു. അക്കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ നിരാശരാണ്. സ്വാഭാവികമായും ആരും വിക്കറ്റ് വലിച്ചെറിയാന്‍ ആഗ്രഹിക്കില്ലല്ലോ എന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെഞ്ചുറി തികച്ചയുടന്‍ ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ പുറത്തായതിലെ നിരാശയും രാഹുല്‍ പങ്കുവെച്ചു. ഞാനും റിഷഭ് പന്തും ചേര്‍ന്ന കൂട്ടുകെട്ട് നമ്മളെ മികച്ച നിലയില്‍ എത്തിച്ചതായിരുന്നു. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പ് റഷഭും ലഞ്ചിന് ശേഷം ഞാനും പുറത്തായി. അത് വലിയ തിരിച്ചടിയായി. ക്രീസില്‍ നിലയുറപ്പിച്ച ബാറ്റര്‍മാര്‍ പിടിച്ചു നില്‍ക്കുകയാണ് വേണ്ടത്. ഞങ്ങള്‍ രണ്ടുപേര്‍ക്കും നല്ല തുടക്കം ലഭിച്ചതിനാല്‍ ഒരാളോ രണ്ടുപേരുമോ വലിയ സ്കോര്‍ നേടണമെന്നായിരുന്നു ലക്ഷ്യമിട്ടത്. അങ്ങനെ മാത്രമെ ടെസ്റ്റില്‍ മുന്‍തൂക്കം നേടാനാവുമായിരുന്നുള്ളു എന്നും കെ എല്‍ രാഹുല്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക