ഐപിഎല്‍ മിനി ലേലത്തിന് തൊട്ടുമുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 മത്സരത്തിൽ വെങ്കടേഷ് അയ്യർ തകർപ്പൻ അർധസെഞ്ചുറി നേടി. പഞ്ചാബിനെതിരായ മത്സരത്തിൽ മധ്യപ്രദേശിനായി 43 പന്തിൽ 70 റൺസാണ് താരം നേടിയത്. 

പൂനെ: ഐപിഎല്‍ മിനി ലേലത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി വെങ്കടേഷ് അയ്യര്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ മധ്യ പ്രദേശിന് വേണ്ടി ഓപ്പണറായ കളിച്ച വെങ്കടേഷ് 43 പന്തില്‍ 70 റണ്‍സാണ് നേടിയത്. ഇത്തവണ താരലേലത്തില്‍ വെങ്കടേഷിന്റെ പേരുമുണ്ട്. വെങ്കടേഷ് തിളങ്ങിയെങ്കിലും മധ്യ പ്രദേശ് മത്സരത്തില്‍ പരാജയപ്പെട്ടു. രണ്ട് വിക്കറ്റിനായിരുന്നു തോല്‍വി. ടോസ് നേടി ബാറ്റിംഗിനെത്തിയ മധ്യ പ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹര്‍നൂര്‍ സിംഗ് (36 പന്തില്‍ 64), സലില്‍ അറോറ (29 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. മുഷ്താഖ് അലിയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച സലിലിനും ഇത്തവണ ആവശ്യക്കാര്‍ ഏറെയാകും.

ഇരുവര്‍ക്കം പുറമെ അന്‍മോല്‍പ്രീത് സിംഗ് (14 പന്തില്‍ 38), രമണ്‍ദീപ് സിംഗ് (21 പന്തില്‍ പുറത്താവാതെ 35) എന്നിവരും നിര്‍ണായക പിന്തുണ നല്‍കി. പ്രഭ്‌സിമ്രാന്‍ സിംഗ് (9), നമന്‍ ധിര്‍ (7), സിന്‍വീര്‍ സിംഗ് (5), ആയുഷ് ഗോയല്‍ (1), ഗുര്‍നൂര്‍ ബ്രാര്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മധ്യ പ്രദേശിന് വേണ്ടി ശിവം ശുക്ല മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മധ്യ പ്രദേശ് നിരയില്‍ വെങ്കടേഷ് ഒഴികെ മറ്റാര്‍ക്കും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല. ഹര്‍പ്രീത് സിംഗ് (27), രജത് പടിധാര്‍ (20), അനികേത് വര്‍മ (31), മങ്കേഷ് യാദവ് (28), ത്രിപുരേഷ് സിംഗ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പഞ്ചാബിന് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും രമണ്‍ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി.

YouTube video player