2004ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ 342 റണ്‍സിന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ഗുവാഹത്തി ടെസ്റ്റിൽ 408 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ ഇന്ത്യൻ ക്രിക്കറ്റ് വീണത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില‍ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ 400ലേറെ റണ്‍സിന്‍റെ വലിയ തോല്‍വി വഴങ്ങുന്നത്. 2004ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ 342 റണ്‍സിന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.

2006ല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ 341 റൺസിനും 2007ല്‍ ഓസ്ട്രേലിയക്കെതിരെ 307 റണ്‍സിനും 2017ല്‍ ഓസ്ട്രേലിയക്കെതിരെ പൂനെയില്‍ 333 റണ്‍സിനും 1996ല്‍ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 329 റണ്‍സിനും ഇന്ത്യ തോറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ടെസ്റ്റ് ജയമാണ് ഇന്ന് ഗുവാഹത്തിയില്‍ ഇന്ത്യക്കെതിരെ നേടിയത്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ 492 റണ്‍സിന് ജയിച്ചതാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ ടെസ്റ്റ് ജയം. ജയത്തോടെ ടെസ്റ്റില്‍ പരാജയമറിയാത്ത നായകനെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമക്കായി.

ഇന്ത്യയില്‍ രണ്ടാമത്തെയും 25 വര്‍ഷത്തിനിടെ ആദ്യത്തെയും ടെസ്റ്റ് പരമ്പര ജയമാണ് ദക്ഷിമാഫ്രിക്ക സ്വന്തമാക്കിയത്. 2000ല്‍ ഹാന്‍സി ക്രോണ്യയുടെ നേതൃത്വത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയാണ് ഇതിന് മുമ്പ് ഇന്ത്യയെ ഇന്ത്യയില്‍ തൂത്തുവാരിയത്. ഗുവാഹത്തിയിലും ജയിച്ച് പരമ്പര തൂത്തുവാരിയതോടെ ഇന്ത്യയില്‍ രണ്ട് വട്ടം പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ദക്ഷിണാഫ്രിക്കക്ക് മാത്രം സ്വന്തമായി.കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ദക്ഷിണാഫ്രിക്ക കഴിഞ്ഞ മാസം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 1-1 സമനിലയാക്കിയാണ് ഇന്ത്യയിലേക്ക് എത്തിയത്.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് നാട്ടില്‍ 0-3ന് പരമ്പര തോറ്റ് നാണംകെട്ട ഇന്ത്യ ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. രണ്ട് വട്ടവും ഗൗതം ഗംഭീറായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ഇതോടെ നാട്ടില്‍ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേട് ഗംഭീറിന്‍റെ തലയിലായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക