27-2 എന്ന സ്കോറിലാണ് ഇന്ത്യ അവസാന ദിനം ക്രീസിലെത്തിയത്. 37 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സിമോണ്‍ ഹാർമറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്.

ഗുവാഹത്തി: ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ 408 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. 549 റണ്‍സ്വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ അവസാന ദിനം ലഞ്ചിന് മുമ്പ് 140 റണ്‍സിന് ഓള്‍ ഔട്ടായാണ് 408 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. അഞ്ച് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ 139 പന്ത് നേരിട്ട സായ് സുദര്‍ശന്‍ 14 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് 13ഉം വാഷിംഗ്ടണ്‍ സുന്ദര്‍ 16ഉം റണ്‍സെടുത്ത് പുറത്തായി.

27-2 എന്ന സ്കോറിലാണ് ഇന്ത്യ അവസാന ദിനം ക്രീസിലെത്തിയത്. 37 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സിമോണ്‍ ഹാർമറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്. മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സെനുരാന്‍ മുത്തുസാമിയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാമത്തെ മാത്രം വൈറ്റാവാഷ് ആണിത്. 2000ല്‍ ദക്ഷിണാഫ്രിക്കയും 2024ല്‍ ന്യൂസിലന്‍ഡുമാണ് ഇതിന് മുമ്പ് ഇന്ത്യയെ നാട്ടില്‍ തൂത്തുവാരിയത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 489, 260-5, ഇന്ത്യ 201-140.

കൂട്ടത്തകര്‍ച്ച

549 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയത്. തുടക്കത്തിലെ സായ് സുദര്‍ശനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയെങ്കിലും നോ ബോളായതിനാല്‍ രക്ഷപ്പെട്ടു. പിന്നാലെ കുല്‍ദീപ് യാദവിനെ ഏയ്ഡന്‍ മാര്‍ക്രം കൈവിട്ടു. എന്നാല്‍ ഇതൊന്നും ഇന്ത്യയെ തുണച്ചില്ല. കുല്‍ദീപിനെ ബൗള്‍ഡാക്കി ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച തുടങ്ങിവെച്ച സിമോണ്‍ ഹാര്‍മര്‍ അതേ ഓവറില്‍ ധ്രുവ് ജുറെലിനെ സ്ലിപ്പില്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റൻ റിഷഭ് പന്ത് സിക്സും ഫോറും അടിച്ച് ആക്രമിച്ചു കളിക്കാന്‍ തുനിഞ്ഞെങ്കിലും അധികം നീണ്ടില്ല. ഹാര്‍മറുടെ പന്തില്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കി പന്തും മടങ്ങുമ്പോള്‍ ഇന്ത്യ 58-5ലേക്ക് കൂപ്പുകുത്തി. രണ്ടാം സെഷനില്‍ ജഡേജക്കൊപ്പം പിടിച്ചുനിന്ന സായ് സുദര്‍ശനെ സെനുരാന്‍ മുത്തുസാമി മടക്കിയപ്പോള്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചങ്കിലും 35 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് ഹാര്‍മര്‍ തന്നെ ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് മേല്‍ അവസാന ആണിയും അടിച്ച് അഞ്ച് വിക്കറ്റ് തികച്ചു. 3 പന്ത് മാത്രം നേരിട്ട നിതീഷ് കുമാര്‍ റെഡ്ഡിയെ പൂജ്യനായി മടക്കിയ ഹാര്‍മര്‍ ആറാടിയപ്പോള്‍ രവീന്ദ്ര ജഡേജയെയും മുഹമ്മദ് സിറാജിനെയും വീഴ്ത്തിയ കേശവ് മഹാരാജ് ഇന്ത്യയുടെ നാണക്കേട് പൂര്‍ണമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക