ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ മടക്കിയ ഓസീസ് പേസര്‍ സേവിയര്‍ ബാര്‍ട്‌ലെറ്റാണ് അഞ്ചാം പന്തില്‍ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കിയത്.
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതോടെ കരിയറിലാദ്യമായി തുടര്‍ച്ചയായി രണ്ട് ഏകദിന മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി. പെര്‍ത്തില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏട്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ കോലി ഇന്ന് അഡ്‌ലെയ്ഡില്‍ നാലു പന്ത് നേരിട്ട് പൂജ്യനായി മടങ്ങി.
ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ മടക്കിയ ഓസീസ് പേസര്‍ സേവിയര്‍ ബാര്‍ട്‌ലെറ്റാണ് അഞ്ചാം പന്തില്‍ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കിയത്. ആദ്യ ഏകദിനത്തില്‍ എട്ട് പന്ത് നേരിട്ട കോലി മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ പോയന്‍റില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. അവസാനം അഡ്‌ലെയ്ഡില്‍ കളിച്ച രണ്ട് കളികളിലും സെഞ്ചുറി നേടിയ കോലിക്ക് ഇത്തവണ പക്ഷെ അക്കൗണ്ട് തുറക്കാനുള്ള ഭാഗ്യമുണ്ടായില്ല. 2015ലെ ഏകദിന ലോകകപ്പില്‍ അഡ്‌ലെയ്ഡില്‍ പാകിസ്ഥാനെതിരെ 107 റണ്‍സടിച്ച കോലി 2019ല്‍ അവസാനം അഡ്‌ലെയ്ഡില്‍ കളിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരെ 104 റണ്‍സടിച്ചിരുന്നു.
ഏകദിന കരിയറില്‍ കോലിയുടെ പതിനെട്ടാമത്തെ ഡക്കാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ കുറിച്ചത്. ഇതോടെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ബാറ്റര്‍മാരിൽ കോലി മൂന്നാം സ്ഥാനത്തായി. 463 മത്സരങ്ങളില്‍ 20 തവണ പൂജ്യത്തിന് പുറത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 229 മത്സരങ്ങളില്‍ 19 തവണ പൂജ്യത്തിന് പുറത്തായ ജവഗല്‍ ശ്രീനാഥും മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരം. 445 മത്സരങ്ങളില്‍ 34 തവണയാണ് ജയസൂര്യ പൂജ്യത്തിന് പുറത്തായത്.


