9 റണ്‍സെടുത്ത ഗില്ലിനെ സേവിയര്‍ ബാര്‍ട്‌ലെറ്റിന്‍റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചെടുത്ത് പുറത്താക്കിയപ്പോള്‍ നാലു പന്ത് നേരിട്ട വിരാട് കോലിയെ അക്കൗണ്ട് തുറക്കും മുമ്പെ ബാര്‍ട്‌ലെറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്. 43 പന്തില്‍ 19 റണ്‍സുമായി രോഹിത് ശര്‍മയും റണ്ണൊന്നുമെടുക്കാതെ ശ്രേയസ് അയ്യരും ക്രീസില്‍.

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയം വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 9 റണ്‍സെടുത്ത ഗില്ലിനെ സേവിയര്‍ ബാര്‍ട്‌ലെറ്റിന്‍റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചെടുത്ത് പുറത്താക്കിയപ്പോള്‍ നാലു പന്ത് നേരിട്ട വിരാട് കോലിയെ അക്കൗണ്ട് തുറക്കും മുമ്പെ ബാര്‍ട്‌ലെറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി. ഏഴാം ഓവറിലെ ആദ്യ പന്തിലും അഞ്ചാം പന്തിലുമായിട്ടായിരുന്നു ബാര്‍ട്‌ലെറ്റിന്‍റെ ഇരട്ടപ്രഹരം.

Scroll to load tweet…

പവര്‍ പ്ലേയില്‍ താളം കണ്ടെത്താന്‍ പാടുപെട്ട രോഹിത് ജോഷ് ഹേസല്‍വുഡിന്‍റെ പന്തുകളില്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ ഇന്ത്യയുടെ സ്കോറിംഗ് മന്ദഗതിയിലായി. ആദ്യ രണ്ടോവറിലും ജോഷ് ഹേസല്‍വുഡിനെതിരെ റണ്ണെടുക്കാന്‍ രോഹിത്തിനായില്ല. മൂന്നാം ഓവറില്‍ ഹേസല്‍വുഡിന്‍റെ ഓവറില്‍ റണ്ണൗട്ടില്‍ നിന്ന് രോഹിത് തലനാരിഴക്ക് രക്ഷപ്പെട്ട പിന്നാലെ എല്‍ബി ഡബ്ല്യുവില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ സേവിയര്‍ ബാര്‍ട്‌ലെറ്റ് തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഗില്ലിനെ മടക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ കോലി നേരിട്ട നാലാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. 

രോഹിത്തും ശ്രേയസും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ പവര്‍ പ്ലേ കടത്തി.നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യ ഇറങ്ങിയപ്പോള്‍ ഓസ്ട്രേലിയ മൂന്ന് മാറ്റങ്ങള്‍ വരുത്തി.

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക