Asianet News MalayalamAsianet News Malayalam

ഇന്ത്യ വെല്ലുവിളിയാവില്ല, ടി20 ലോകകപ്പ് ഓസ്‌ട്രേലിയ പൊക്കും! സാധ്യതകള്‍ വിലയിരുത്തി ഷെയ്ന്‍ വാട്‌സണ്‍

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയാണ് വാട്‌സണ്‍. ജസ്പ്രിത് ബുമ്ര ഇല്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് വാട്‌സണ്‍ പറയുന്നത്.

Former australian all rounder Shane Watson predicts t20 world cup winners
Author
First Published Oct 2, 2022, 2:40 PM IST

റായ്പൂര്‍: എക്കാലത്തേയും മികച്ച ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍മാരില്‍ ഷെയ്ന്‍ വാട്‌സണിന്റെ പേരുണ്ടാവുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. മൂന്ന് ഫോര്‍മാറ്റിലുമായി 10,950 ഇന്റര്‍നാഷണല്‍ റണ്‍സ് നേടിയിട്ടുള്ള താരം 291 വിക്കറ്റുകളും സ്വന്തമാക്കി. ഇപ്പോള്‍ ഇന്ത്യയിലുണ്ട് 41കാരനായ വാട്‌സണ്‍. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയാണ് വാട്‌സണ്‍. ജസ്പ്രിത് ബുമ്ര ഇല്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് വാട്‌സണ്‍ പറയുന്നത്. ''ലോകോത്തര ബൗളറാണ് ബുമ്ര. ആക്രമണോത്സുകതയോടെ കളിക്കാനും സ്‌കോര്‍ പ്രതിരോധിക്കുന്നതിലും മികവുള്ള അപൂര്‍വം ചില ബൗളര്‍മാരില്‍ ഒരാള്‍. അദ്ദേഹത്തിന് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. വലിയ നഷ്ടം തന്നെയായിരിക്കുമത്.'' വാട്‌സണ്‍ പറഞ്ഞു.

രോഹിത്തും കോലിയും ഫോമിലെത്തണം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 ഇന്ന്- സാധ്യത ഇലവന്‍

വിരാട് കോലിയുടെ ഫോമിനെ കുറിച്ചും വാട്‌സണ്‍ സംസാരിച്ചു. ''അവസാന ഐപിഎല്ലിനിടയിലും ഞാന്‍ കോലിയെ കണ്ടിരുന്നു. എന്നാല്‍ ആത്മവിശ്വാസം കുറവാണെന്ന് എനിക്ക് തോന്നിയിരുന്നു. ഊര്‍ജസ്വലനായ താരമാവാനുള്ള ശ്രമം അദ്ദേഹം നിരന്തരം നടത്തികൊണ്ടിരിക്കുന്നു. ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഫോമിലേക്ക് തിരിച്ചെത്താന്‍ കോലിക്കായിരുന്നു. അതുപൊലെ ഓസ്‌ട്രേലിയന്‍ പിച്ചിലും കളിക്കുമെന്ന് കരുതാം. കോലി ഫോമിലെത്തിയില്ലെങ്കില്‍ ബാറ്റിംഗില്‍ ഇന്ത്യയുടെ ശക്തി ചോരും.'' വാട്‌സണ്‍ പറഞ്ഞു. 

ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തുമെന്നും വാട്‌സണ്‍ വ്യക്തമാക്കി. ''എന്നെ സംബന്ധിച്ചിടത്തോളം ഓസ്‌ട്രേലിയയാണ് ഫേവറൈറ്റസ്. നാട്ടിലെ സാഹചര്യങ്ങളും അനുകൂലം. മറ്റാരേക്കാളും ഓസ്‌ട്രേലിയയിലെ സാഹചര്യം അവര്‍ക്കറിയാം. വലിയ ഗ്രൗണ്ടുകള്‍, പേസും ബൗണ്‍സും നിറിഞ്ഞ വിക്കറ്റുകള്‍. എല്ലാം ഓസീസിന് അനുകൂലമാണ്.'' വാട്‌സണ്‍ പറഞ്ഞുനിര്‍ത്തി.  

സച്ചിനെ ഗോള്‍ഡന്‍ ഡക്കാക്കിയ കുലശേഖരയുടെ ഇന്‍സ്വിങര്‍; ഓഫ് സ്റ്റംപ് പറന്നു- വീഡിയോ കാണാം

ഈ മാസം 16നാണ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. എ ഗ്രൂപ്പില്‍ നമീബിയ, നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, യുഎഇ എന്നീ ടീമുകളാണ് കളിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ ടീമുകളും കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകല്‍ വീതം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.
 

Follow Us:
Download App:
  • android
  • ios