അഞ്ച് മത്സരങ്ങളില്‍ 82.00 ശരാശരിയില്‍ 246 റണ്‍സാണ് സഞ്ജു നേടിയത്. 157.69 സ്‌ട്രൈക്ക് റേറ്റും. വിരാട് കോലി (316), റിയാന്‍ പരാഗ് (261), ശുഭ്മാന്‍ ഗില്‍ (255) എന്നിവരാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

ജയ്പൂര്‍: ഈ ഐപിഎല്ലില്‍ മൂന്നാം അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സ്വന്തമാക്കിയത്. 38 പന്തുകള്‍ നേരിട്ട താരം 68 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ട് സിക്‌സും ഏഴ് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 52 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു സഞ്ജു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 42 പന്തില്‍ 69 റണ്‍സും സഞ്ജു സ്വന്തമാക്കി. നിലവില്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് സഞ്ജു. 

അഞ്ച് മത്സരങ്ങളില്‍ 82.00 ശരാശരിയില്‍ 246 റണ്‍സാണ് സഞ്ജു നേടിയത്. 157.69 സ്‌ട്രൈക്ക് റേറ്റും. വിരാട് കോലി (316), റിയാന്‍ പരാഗ് (261), ശുഭ്മാന്‍ ഗില്‍ (255) എന്നിവരാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സഞ്ജുവിനെ പ്രകീര്‍ത്തിക്കുകയാണ് മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ വാട്‌സണ്‍ പറയുന്നതിങ്ങനെ... ''ലോകോത്തര ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. കഴിവും സാങ്കേതിക തികവും ഒത്തിണങ്ങിയ ഒന്നാന്തരം ക്രിക്കറ്റര്‍.'' വാട്‌സണ്‍ ജിയോ സിനിമയില്‍ വ്യക്തമാക്കി.

സഞ്ജുവിനെ അല്ലാതെ മറ്റാരെ കുറിച്ചും ചിന്തിക്കരുത്! ടി20 ലോകകപ്പില്‍ സഞ്ജു കീപ്പറാവണമെന്ന് മുന്‍ ഓസീസ് താരം

ഗുജറാത്തിനെതിരെ സഞ്ജു തിളങ്ങിയെങ്കിലും മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തി. അവസാന നാലോവറില്‍ ജയിക്കാന്‍ 60 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനായി രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) നടത്തിയ വീരോചിത പോരാട്ടമാണ് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സും. അവസാന പന്ത് ബൗണ്ടറി കടത്തി റാഷിദ് ഖാന്‍ ഗുജറാത്തിന് വിജയം സമ്മാനിച്ചു.