മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജിനെ മൊയീന്‍ അലി പ്രശംസിച്ചു.

ലണ്ടന്‍: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ യഥാര്‍ത്ഥ മാച്ച് വിന്നറെന്ന് വിശേഷിപ്പിച്ച് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. ഓവലില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയുടെ ആറ് റണ്‍സിന്റെ നാടകീയ വിജയത്തില്‍ സിറാജ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പരമ്പര സമനിലയാക്കുന്നതില്‍ ഓവല്‍ ടെസ്റ്റ് വിജയവും നിര്‍ണായകമായി. ആതിഥേയര്‍ക്ക് നാല് വിക്കറ്റ് കയ്യിലിരിക്കെ 35 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ സിറാജ് മത്സരം മാറ്റിമറിക്കുകയായിരുന്നു. 25 പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ നേടിയ സിറാജ് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

പിന്നാലെയാണ് സിറാജിനെ വാഴ്ത്തി മൊയീന്‍ അലി രംഗത്ത് വന്നത്. ''ഇംഗ്ലണ്ട് പരമ്പരയില്‍ സിറാജ് മികച്ച പ്രകടനം പുറത്തെടുത്തു. അദ്ദേഹം കൊണ്ടുവരുന്ന ഊര്‍ജ്ജം, ആക്രമണോത്സുകത, സ്ഥിരത ലോകോത്തരമെന്ന് പറയാം. ഇന്ത്യയുടെ യഥാര്‍ത്ഥ മാച്ച് വിന്നറായി അദ്ദേഹം വളര്‍ന്നു. അദ്ദേഹത്തെ നേരിടുന്ന ബാറ്റര്‍ കുറച്ചൊന്നുമായിരിക്കില്ല ബുദ്ധിമുട്ടുക. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പന്ത് നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. തോല്‍ക്കില്ലെന്ന് ഉറച്ച് പറയുന്ന ഒരു മനസ് അദ്ദേഹത്തിനുണ്ട്. അതാണ് അദ്ദേഹത്തെ ഇത്രയധികം സവിശേഷമാക്കുന്നത്.'' മൊയീന്‍ അലി വ്യക്തമാക്കി.

ഓവല്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത താരത്തെ കളിയിലെ താരമായി തിരഞ്ഞെടുത്തു. പിന്നാലെ വന്ന ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച 15-ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച ഏക ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ഹൈദരാബാദില്‍ നിന്നുള്ള ഈ മുപ്പതുകാരന്‍. 23 വിക്കറ്റുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറുമായി.

YouTube video player