ബിസിസിഐയുടെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ അപേക്ഷ സമർപ്പിച്ചു. അണ്ടർ-22 വരെയുള്ള ടീമുകളെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ പാനലിലേക്കാണ് മുൻ താരങ്ങളുടെ കടുത്ത മത്സരം നടക്കുന്നത്.
മുംബൈ: ബിസിസിഐയുടെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷയുമായി മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ രംഗത്ത്. ക്രിക്കറ്റിന് തന്റേതായ സംഭാവനകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 39 കാരനായ താരം പുതിയ ദൗത്യത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. മുന്‍പ് പരിശീലകനായും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനില്‍ സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പത്തുമായാണ് പ്രവീണ്‍ കുമാറിന്റെ കടന്നുവരവ്.
2007-നും 2012-നും ഇടയില്‍ ഇന്ത്യക്കായി 6 ടെസ്റ്റുകളും 68 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള പ്രവീണ്‍ കുമാര്‍ 2018-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. സെന്‍ട്രല്‍ സോണില്‍ നിന്നുള്ള അദ്ദേഹത്തിന് കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. സുദീപ് ത്യാഗി, ആഷിഷ് വിന്‍സ്റ്റണ്‍ സൈദി തുടങ്ങിയ മുന്‍ താരങ്ങളും ഇതേ മേഖലയില്‍ നിന്ന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വെസ്റ്റ് സോണില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രമേഷ് പവാറും രംഗത്തുണ്ട്.
ഓഗസ്റ്റ് 24-നാണ് ബിസിസിഐ പുതിയ സെലക്ടര്‍മാരെ നിയമിക്കുന്നതിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചത്. എസ് ശരത് നയിക്കുന്ന നിലവിലെ കമ്മിറ്റിക്ക് പകരമായാണ് പുതിയ പാനല്‍ എത്തുന്നത്. അഞ്ച് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അണ്ടര്‍-22 വരെയുള്ള പ്രായപരിധിയിലുള്ള ജൂനിയര്‍ ടീമുകളെ തിരഞ്ഞെടുക്കുക, യുവതാരങ്ങളില്‍ മികച്ച ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തുക, ഒത്തുകളി വിരുദ്ധ ബോധവല്‍ക്കരണം നല്‍കുക തുടങ്ങിയ ചുമതലകളും പുതിയ കമ്മിറ്റിക്കുണ്ടാകും.

