മൂന്ന് മത്സരങ്ങളില്‍ 58 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് കോലി കീഴടങ്ങിയത്.

ചെന്നൈ: ടി20 ലോകകപ്പില്‍ നിന്ന് വിരമിച്ച ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിക്ക് ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയില്‍ മോശം ഫോമിലായിരുന്നു. ആദ്യ ഏകദിനത്തില്‍ 34 റണ്‍സെടുത്ത് കോലി പുറത്തായിരുന്നു. രണ്ടാം ഏകദിനത്തില്‍ 14 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്നാം ഏകദിനത്തില്‍ 20 റണ്‍സെടുത്തും കോലി മടങ്ങി. മൂന്ന് മത്സരങ്ങളില്‍ 58 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് കോലി കീഴടങ്ങിയത്.

ഇപ്പോള്‍ കോലിയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍... ''ഈ പരമ്പരയില്‍ സമ്മതിക്കാം. വിരാട് കോലിയോ, രോഹിത് ശര്‍മയോ മറ്റാരെങ്കിലും ആവട്ടെ. 8-30 ഓവറുകള്‍ക്കിടയില്‍ സെമി - ന്യൂ ബോളില്‍ കളിക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. കോലിയുടെ ബാറ്റിംഗിനെ കുറിച്ച ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ പിച്ചുകളും ഇങ്ങനെ പ്രവര്‍ത്തിക്കില്ല. പക്ഷേ സ്പിന്നര്‍മാരെ കളിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. ഞാന്‍ ഇവിടെ വിരാട് കോലിയെ സംരക്ഷിക്കുന്നില്ല. പക്ഷേ ഇവിടെ സ്പിന്‍ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.'' കാര്‍ത്തിക് പറഞ്ഞു.

സഞ്ജുവിനൊപ്പം ഇനി രാഹുല്‍ ദ്രാവിഡ്? സംഗക്കാര ഇംഗ്ലണ്ടിലേക്കെന്ന് സൂചന, രാജസ്ഥാനെ പരിശീപ്പിക്കാന്‍ ദ്രാവിഡ്

ഏകദിന പരമ്പര 2-0ത്തിനാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. പിന്നാലെ രണ്ട് മത്സരങ്ങള്‍ ശ്രീലങ്ക ജയിക്കുകയുണ്ടായി. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ശ്രീലങ്കയോട് ഏകദിന പരമ്പര തോല്‍ക്കുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായിട്ടുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നിത്. നേരത്തെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 110 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി.