മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പരിഹാസവുമായിട്ടാണ് രംഗത്തെത്തിയത്. ദിനേശ് കാര്‍ത്തികിനെ ഓപ്പണറാക്കി രോഹിത് ശര്‍മയെ ഫിനിഷറാക്കണമെന്നാണ് അദ്ദേഹം പരിഹാസത്തോടെ പറയുന്നത്.
ദില്ലി: ചുരുങ്ങിയ കാലത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). വിന്‍ഡീസിനെതിരെ (WI vs IND) ആദ്യ രണ്ട് ടി20യിലും അദ്ദേഹത്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മധ്യനിരയില്‍ നന്നായി കളിക്കുന്ന താരത്തെ ഓപ്പണറാക്കിയത് പലര്‍ക്കും അത്ര രസിച്ചില്ല. മുന്‍ പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri), മുന്‍ സെലക്റ്റര്‍ കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരെല്ലാം തീരുമാനത്തിനെതിരെ രംഗത്ത് വന്നു.
ഇപ്പോള്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പരിഹാസവുമായിട്ടാണ് രംഗത്തെത്തിയത്. ദിനേശ് കാര്‍ത്തികിനെ ഓപ്പണറാക്കി രോഹിത് ശര്‍മയെ ഫിനിഷറാക്കണമെന്നാണ് അദ്ദേഹം പരിഹാസത്തോടെ പറയുന്നത്. ആകാശ് ചോപ്ര ചോദിക്കുന്നതിങ്ങനെ... '' ഓരോ താരങ്ങള്‍ക്കും ഓരോ നിയമമാണോ? ഓപ്പണിംഗിലെ പരീക്ഷണം അതിര് കടക്കുന്നു. സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇംഗ്ലണ്ടില്‍ റിഷഭ് പന്തിനേയും ഓപ്പണറാക്കി. എന്തുകൊണ്ടാണ് ദിനേഷ് കാര്‍ത്തികിനെ നിങ്ങള്‍ ഓപ്പണറാക്കാത്തത്?
എന്തുകൊണ്ട് രോഹിത് ശര്‍മയെ ഫിനിഷറാക്കുന്നില്ല? ഏകദിന പരമ്പരയില്‍ ആകെ 30 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഏകദിനത്തിലെ അവന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അവന് ആത്മവിശ്വാസം നല്‍കാനാണ് ഇത്തരമൊരു പരീക്ഷണമെന്ന് പറയരുത്. മികച്ച നിലയില്‍ കളിക്കുന്ന താരമാണവന്‍.'' ചോപ്ര വ്യക്തമാക്കി.
സൂര്യയെ അവന്‍ കളിക്കുന്ന സ്ഥാനത്ത് കളിപ്പിക്കൂവെന്നാണ് ശാസ്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടി20 ലോകകപ്പിനുള്ള ടീമില്‍ സൂര്യയുണ്ടാവുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ലോകകപ്പില്‍ കൡക്കുന്ന സ്ഥാനത്ത് തന്നെ കളിപ്പിക്കൂ. കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം രോഹിത്തിനൊപ്പം ഓപ്പണറാവും. രാഹുലില്ലാത്ത സമയത്ത് മറ്റൊരാള്‍ക്ക് അവസരം നല്‍കൂ. വിവിധ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്തുള്ള പരിചയം സൂര്യക്ക് വേണം. നേരത്തെ രണ്ട് വിക്കറ്റ് നഷ്ടമായാല്‍ ബാറ്റ് ചെയ്യുന്നതും മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുന്നതും രണ്ടാണ്. സൂര്യ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. മധ്യനിരയില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അവനറിയാം. അതുകൊണ്ട് അവന്റെ സ്ഥിരം സ്ഥാനത്ത് തന്നെ കളിപ്പിക്കൂ. മുന്‍നിരയില്‍ റിഷഭ് പന്തിനെ വീണ്ടും പരീക്ഷിക്കാവുന്നതാണ്.'' ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.
സൂര്യകുമാറിനെ നശിപ്പിക്കരുതെന്നാണ് ശ്രീകാന്ത് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകല്‍... ''നാലാം നമ്പറില്‍ ഗംഭീര താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പില്‍ നാലാം നമ്പറിലാണ് സൂര്യ ബാറ്റ് ചെയ്യേണ്ടത്. പിന്നെന്തിന് അയാളെ ഓപ്പണറായി പരീക്ഷിക്കണം. ഇനി ആരെയെങ്കിലും ഓപ്പണറായി പരീക്ഷിക്കണമെങ്കില്‍ ശ്രേയസ് അയ്യരെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തൂ. ഞാന്‍ ലളിതമായി പറയാം, സൂര്യകുമാറിനെ പോലൊരു താരത്തിന്റെ ഭാവി കളയരുത്. അത് ചെയ്യരുത്. കുറച്ച് പരാജയങ്ങള്‍ സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടാമെന്നും' കെ ശ്രീകാന്ത് ഫാന്‍ കോഡില്‍ പറഞ്ഞു.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് സൂര്യകുമാര്‍ യാദവിനുള്ളത്. മധ്യനിരയില്‍ ഇന്നിംഗ്സ് കെട്ടിപ്പടുത്തും ഫിനിഷ് ചെയ്തും ടീമിനെ തോളിലേറ്റാന്‍ കരുത്തുള്ള താരം 19 രാജ്യാന്തര ടി20 ഇന്നിംഗ്സുകളില്‍ 35.75 ശരാശരിയിലും 176.0 സ്ട്രൈക്ക് റേറ്റിലും 572 റണ്‍സ് നേടിയിട്ടുണ്ട്.
