കോലിയുടെയും രോഹിത്തിന്റെയും അഭാവത്തിൽ രാഹുൽ ടീമിന്റെ പരിചയസമ്പന്നനായ ബാറ്ററായി മാറിയെന്ന് നെഹ്‌റ.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലുണ്ട് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍ അടിച്ചെടുത്തത്. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. ഇപ്പോള്‍ രാഹുലിനെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. വിരാട് കോലി, രോഹിത് ശര്‍മ എന്നിവുടെ അഭാവത്തില്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പരിചയസമ്പന്നനായ ബാറ്ററായി മാറിയെന്ന് നെഹ്‌റ പറഞ്ഞു.
നെഹ്‌റയുടെ വാക്കുകള്‍... ''കോലിയും രോഹിത്തും ടീമിലില്ല. ടീമിലുള്ളത് കുറച്ച് യുവതാരങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് പര്യടനം എളുപ്പമല്ല. അവിടെയാണ് രാഹുല്‍ ഒരു പരിചയസമ്പന്നനായ ബാറ്ററായി മാറിയത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ഉപയോഗിച്ച പിച്ച് ഫ്‌ളാറ്റായിരുന്നു. രാഹുലിന് അവിടെ നന്നായി കളിക്കാന്‍ സാധിച്ചു. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരന്‍ എന്ന ചിന്ത രാഹുലിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം ഓപ്പണിംഗ് സ്ഥാനത്ത് കളിക്കുകയെന്നുള്ളതാണ്. അതേ സ്ഥാനത്ത് തന്നെ കളിക്കാന്‍ അവസരം ലഭിച്ചത് നല്ലതായി തോന്നി. ഇഷ്ടപ്പെട്ട സ്ഥാനത്ത് ലഭിച്ച അവസരം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി.'' നെഹ്‌റ വ്യക്തമാക്കി.
രാഹുലിനൊപ്പം ജസ്പ്രീത് ബുമ്രയും തന്റെ പരിചയസമ്പത്ത് മുഴുവനായി ഉപയോഗപ്പെടുത്തിയെന്ന് നെഹ്‌റ കൂട്ടിചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തില്‍ ചില റെക്കോഡുകളും രാഹുല്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി രാഹുല്‍. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് കളിക്കുമ്പോഴാണ് രാഹുല്‍ നാഴികക്കല്ല് പിന്നിട്ടത്. 25 ഇന്നിംഗ്സില്‍ നിന്നാണ് നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം.
30 ഇന്നിംഗ്സില്‍ നിന്ന് 1575 റണ്‍സാണ് സച്ചിന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിംഗ്സില്‍ നിന്ന് മാത്രമായി 1367 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്. 28 ഇന്നിംഗ്സില്‍ നിന്ന് 1152 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ മൂന്നാമത്. അവര്‍ക്ക് പിന്നില്‍ വിരാട് കോലി. 33 ഇന്നിംഗ്സില്‍ നിന്ന് 1096 റണ്‍സ് കോലി നേടി.

