Asianet News MalayalamAsianet News Malayalam

'സിംബാബ്‌വെയ്‌ക്കെതിരെ കോലി സെഞ്ചുറി നേടിയേക്കാം, പക്ഷേ'; എന്നാലൊരു മാറ്റമുണ്ടാവില്ലെന്ന് മുന്‍ കിവീസ് താരം

പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ കോലിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ചുറി നേടിയാലും കോലിയുടെ പ്രകടനത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണ് സ്റ്റൈറിസ് പറയുന്നത്.

Former New Zealand all rounder on Virat Kohli and his form
Author
Wellington, First Published Jul 29, 2022, 4:09 PM IST

വെല്ലിംഗ്ടണ്‍: കഴിഞ്ഞ ദിവസമാണ് വിരാട് കോലി (Virat Kohli) ഏഷ്യാകപ്പില്‍ കളിക്കാനുള്ള സന്നദ്ധത അറിയിച്ചത്. മോശം ഫോമില്‍ നില്‍ക്കുമ്പോഴാണ് കോലി ആത്മവിശ്വാസം പ്രകടപ്പമാക്കിയത്. ഏഷ്യാ കപ്പിലും (Asia Cup) ടി20 ലോകകപ്പിലും കിരീടം നേടുകയാണ് ലക്ഷ്യമെന്നും എന്തും ചെയ്യാന്‍ തയ്യാറാണെന്നും കോലി പറഞ്ഞിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോലി സെലക്റ്റര്‍മാര്‍ക്ക് തലവേദനയായിരിക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസ് (WI vs IND) പര്യടനത്തില്‍ നിന്ന് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. വരുന്ന സിംബാബ്‌വെ പര്യടനത്തിലായിരിക്കും കോലി ഇനി കളിക്കുക. 

പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ കോലിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ചുറി നേടിയാലും കോലിയുടെ പ്രകടനത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണ് സ്റ്റൈറിസ് പറയുന്നത്. ''ഇപ്പോഴും ഞാന്‍ കരുതുന്നത് കോലി ഇന്ത്യന്‍ ടീമിനെ നിര്‍ണായക താരമാണെന്നാണ്. ലോകകപ്പ് മുന്നില്‍കണ്ട് അദ്ദേഹത്തെ ഫോമിലെത്തിക്കാനാണ് പരിശീലകസംഘം ശ്രമിക്കേണ്ടത്. സിംബാബ്‌വെക്കെതിരേയാണ് കോലി കളിക്കാനിരിക്കുന്നത്. ഏതെങ്കിലും മത്സരത്തില്‍ താരം സെഞ്ചുറി നേടിയേക്കാം. ആ സമയത്ത് കോലിയുടെ ആത്മവിശ്വാസം വര്‍ധിക്കുമായിരിക്കും. 

രാഹുലും റിഷഭും ശ്രേയസും അവിടെ നില്‍ക്കട്ടെ; ക്യാപ്റ്റനാകാന്‍ കഴിവുള്ള മറ്റൊരാളുടെ പേരുമായി സാബാ കരീം

എന്നാല്‍ വലിയ മാറങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വളരെ പെട്ടന്ന് കോലിക്ക് ഫോമില്‍ തിരിച്ചെത്താനാകുമെന്ന് ഞാനും കരുതുന്നില്ല. എന്നാല്‍ വലിയ ഇടവേളയെടുക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. സെലക്റ്റര്‍മാരും ടീം മാനേജ്‌മെന്റും അദ്ദേഹത്തെ ഏത് തരത്തില്‍ കൈകാര്യം ചെയ്യുമെന്നാണ് അറിയേണ്ടത്. ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ക്ക് കോലിയോട് കാണിക്കുന്ന സമീപനം പ്രശംസനീയമാണ്. അതരിപ്പോഴും കോലിയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ആവശ്യമായ പിന്തുണയും വിശ്രമവും നല്‍കുന്നു.'' സ്റ്റൈറിസ് വിശദീകരിച്ചു.

കരിയറിലെ ഏറ്റവും മോശം ഫോമിലാണ് മുപ്പത്തിമൂന്നുകാരനായ വിരാട് കോലി. 2019 നവംബറിന് ശേഷം കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിലും ഇംഗ്ലണ്ട് പര്യടനത്തിലുമൊക്കെ ഇന്ത്യയുടെ റണ്‍മെഷീന്‍ തീര്‍ത്തും നിറംമങ്ങി. ഈ കോലിക്ക് ഇന്ത്യയുടെ ട്വന്റി 20 സ്‌ക്വാഡില്‍ ഇനി സ്ഥാനമുണ്ടോ എന്ന് മുന്‍ താരങ്ങളുള്‍പ്പെടെ ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു. കോലിക്ക് പകരംവന്ന ദീപക് ഹൂഡയും സൂര്യകുമാര്‍ യാദവും മിന്നും ഫോമിലാണ്. അതിനിടയിലാണ് ഏഷ്യാ കപ്പില്‍ ഉള്‍പ്പെടെ കളിക്കാനുള്ള സന്നദ്ധത കോലി പ്രകടിപ്പിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് ക്രിക്കറ്റ് നടക്കുക.

ഏഷ്യാ കപ്പ് യുഎഇയില്‍ 

ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വേദിമാറ്റം. ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്കയുടെ പിന്‍മാറ്റം. മത്സരങ്ങള്‍ അരങ്ങേറേണ്ട കാലയളവില്‍ മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയില്‍ യുഎഇയാണ് ഏഷ്യാ കപ്പിന് വേദിയാവാന്‍ ഏറ്റവും അനുയോജ്യമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ട് പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തുന്നില്ല? വിശദീകരിച്ച് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍

Latest Videos
Follow Us:
Download App:
  • android
  • ios