പരിക്കുമാറി ഒന്നൊന്നര കിടിലോസ്കി ഇന്നിംഗ്സുമായാണ് ശ്രേയസ് അയ്യർ സെലക്ടർമാരുടെ മനസ് കീഴടക്കിയിരിക്കുന്നത്

ബെംഗളൂരു: ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഏറെ ആശങ്ക നിറഞ്ഞൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയർ അയ്യരായിരുന്നു. പരിക്ക് കാരണം ബോർഡർ- ഗവാസ്കർ ട്രോഫിക്ക് ശേഷം ടീം ഇന്ത്യക്കായി കളിക്കാന്‍ ശ്രേയസിനായിരുന്നില്ല. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഏഷ്യാ കപ്പ് ആവുമ്പോഴേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന് ഏവർക്കും സംശയമായിരുന്നു. ശ്രേയസ് അയ്യരുടെ ഫിറ്റ്നസ് പുരോഗതി സംബന്ധിച്ച് കൃത്യമായ അപ്ഡേറ്റ് ബിസിസിഐയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയും പുറത്തുവിടാതിരുന്നത് താരത്തിന്‍റെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് പങ്കാളിത്തങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കി. എന്നാല്‍ പരിക്കുമാറി ഒന്നൊന്നര കിടിലോസ്കി ഇന്നിംഗ്സുമായാണ് ശ്രേയസ് അയ്യർ സെലക്ടർമാരുടെ മനസ് കീഴടക്കിയിരിക്കുന്നത്. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന പരിശീലന മത്സരത്തില്‍ നേടിയ 199 റണ്‍സാണ് ശ്രേയസ് അയ്യർ ഇന്ത്യന്‍ തിരിച്ചുവരവിന് തയ്യാറാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ടീം ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിച്ചുകൊണ്ടിരിക്കേയായിരുന്നു അയ്യരെ പരിക്ക് പിടികൂടിയത്. ഇംഗ്ലണ്ടില്‍ വച്ച് ശസ്ത്രക്രിയക്ക് വിധേയനായ താരം മാർച്ച് മാസത്തിന് ശേഷം ഇന്ത്യന്‍ ജേഴ്സി അണിഞ്ഞിട്ടില്ല. എന്നാല്‍ എന്‍സിഎയില്‍ നടന്ന പരിശീലന മത്സരത്തില്‍ ബൗളർമാരെ തലങ്ങുംവിലങ്ങും പറത്തി ശ്രേയസ് ശക്തമായ തിരിച്ചുവരവിന്‍റെ സൂചന നല്‍കിയിരിക്കുകയാണ്. 50 ഓവർ മത്സരത്തില്‍ പൂർണ സമയം താരം ഫീല്‍ഡ് ചെയ്യുകയും ചെയ്തു. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മികച്ച പരിശീലനമൊരുക്കിയ മെഡിക്കല്‍ തലവന്‍ നിതിന്‍ പട്ടേല്‍ ഉള്‍പ്പടെയുള്ളവർക്ക് ശ്രേയസ് അയ്യർ സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ നന്ദി പറഞ്ഞിരുന്നു. 

ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ടീമിന്‍റെ ക്യാംപ് ബെംഗളൂരുവില്‍ നാളെ തുടങ്ങുമ്പോള്‍ ശ്രേയസ് അയ്യരുടെ സാന്നിധ്യം ശ്രദ്ധേയമാകും. ഏകദിനത്തില്‍ ടീം ഇന്ത്യയുടെ നാലാം നമ്പർ ഉറപ്പിച്ചിരിക്കേയാണ് ശ്രേയസ് അയ്യരെ പരിക്ക് പിടികൂടിയത്. ഇതോട താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ബിസിസിഐക്കായിരുന്നില്ല. ശ്രേയസിന് പകരമെത്തിയ സൂര്യകുമാർ യാദവിന് ഇതുവരെ ഫോമിലെത്താന്‍ കഴിയാത്തത് വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്തതോടെ തുടർന്നുള്ള ലോകകപ്പിലും നാലാം നമ്പർ ഉറപ്പിച്ചിരിക്കുകയാണ് ശ്രേയസ് അയ്യർ എന്ന് അനുമാനിക്കാം. ഇന്ത്യക്കായി 42 ഏകദിനങ്ങള്‍ കളിച്ച താരം 46 ശരാശരിയിലും 96 സ്ട്രൈക്ക് റേറ്റിലും 1631 റണ്‍സ് നേടിയിട്ടുണ്ട്. 

Read more: സഞ്ജു സാംസണ് തിരിച്ചടി; ഇന്ത്യ- അയർലന്‍ഡ് മൂന്നാം ട്വന്‍റി 20 മഴ ഒഴുക്കിക്കളഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം