ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്ന കാര്യത്തില്‍ ഗംഭീറിന് താല്‍പര്യമില്ലായിരുന്നുവെന്നും അതുപോലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഉള്‍പ്പെടുത്തുന്നതിനോടും ഗംഭീര്‍ വിയോജിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗത്തിനിടെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നുവെന്ന് റിപ്പോര്‍ട്ട്. റിഷഭ് പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുന്നതിനെയും ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്നതിനെയും ഗംഭീര്‍ എതിര്‍ത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്ന കാര്യത്തില്‍ ഗംഭീറിന് താല്‍പര്യമില്ലായിരുന്നുവെന്നും അതുപോലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഉള്‍പ്പെടുത്തുന്നതിനോടും ഗംഭീര്‍ വിയോജിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിഷഭ് പന്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്നായിരുന്നു അഗാര്‍ക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പ് രോഹിത്തിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ

ടീമിലുണ്ടായിരുന്ന ബാക്കി 14 താരങ്ങള്‍ക്കും ഒരു മത്സരത്തിലെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യ രണ്ട് കളികളിലും കെ എല്‍ രാഹുലിന് തിളങ്ങാന്‍ കഴിയാഞ്ഞിട്ട് പോലും റിഷഭ് പന്തിന് മാത്രമാണ് ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുശേഷം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഗംഭീര്‍ പ്രത്യേകം എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്. തന്‍റെ സമ്മതമില്ലാതെ അഗാര്‍ക്കര്‍ ടീമിലുള്‍പ്പെടുത്തിയ റിഷഭ് പന്തിനെ വെട്ടുകയാണ് ഇതിലൂടെ ഗംഭീര്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഗംഭീറിന് താല്‍പര്യമില്ലാതിരുന്നിട്ടും ടീമിലെടുത്ത ശ്രേയസ് അയ്യരാകട്ടെ മൂന്ന് മത്സരങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത് ചാമ്പ്യൻസ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കി. റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണായിരുന്നു ഗംഭീറിന്‍റെ മനസില്‍ ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുകയും പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലില്‍ പരിക്കേല്‍ക്കുകയും ചെയ്തതോടെ സഞ്ജുവിന്‍റെ വഴിയടഞ്ഞു.

ഇന്ത്യൻ ടീമിലെ സൂപ്പര്‍താര സംസ്കാരത്തിനെതിരെ ആഞ്ഞടിച്ച് അശ്വിന്‍; രോഹിത്തിനും കോലിക്കും പരോക്ഷ വിമര്‍ശനം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന പന്തിന് ചാമ്പ്യൻസ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആദ്യ ആറ് ബാറ്റര്‍മാരില്‍ ഒറ്റ ഇടം കൈയന്‍ പോലുമില്ലെന്നതിന്‍റെ കുറവ് അക്സര്‍ പട്ടേലിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരിഹരിച്ചത്. ഇതും റിഷഭ് പന്തിന്‍റെ വഴിയടക്കാനുള്ള ഗംഭീറിന്‍റെ തന്ത്രമായാണ് വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക