ഡ്രെസ്സിംഗ് റൂമിലുള്ളവർക്കും പരിശീലകനും ക്യാപ്റ്റനും ആർക്കാണ് നമ്മെ വിജയിപ്പിക്കാൻ കഴിയുകയെന്ന് തോന്നുന്നത്, ആരാണ് ടീമിന് ഏറ്റവും അനുയോജ്യർ എന്നതിനെ അടിസ്ഥാനമാക്കിയാണ് ടീം പ്രഖ്യാപിക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ലക്നൗ: ഇന്ത്യൻ ടി20 ടീമിന്‍റെ ഓപ്പണിംഗ് കോംബിനേഷനെക്കുറിച്ചുള്ള ചർച്ചകളിലും വിമർശനങ്ങളിലും വ്യക്തത വരുത്തി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ, 15-കാരനായ വൈഭവ് സൂര്യവംശിക്ക് അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ വ്യക്തമാക്കി. 'ജിയോസ്റ്റാറിന്‍റെ ഫോളോ ദി ബ്ലൂസ്: ഗൗതം ഗംഭീർ അൺഫിൽട്ടേർഡ്' എന്ന പരിപാടിയിലായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.
വൈഭവ് മികച്ച ഫോമിലാണെന്നത് സത്യമാണ്. എന്നാൽ ടീമിനായി ദീർഘകാലമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാർ ഉള്ളപ്പോൾ അവസരങ്ങൾക്കായി ചിലപ്പോൾ കാത്തിരിക്കേണ്ടി വരുമെന്ന് ഞാൻ അവനോട് നേരിട്ട് സംസാരിച്ച് മനസിലാക്കിക്കൊടുത്തിട്ടുണ്ട്. തനിക്കും ഇതൊരു പുതിയ അനുഭവമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
സോഷ്യൽ മീഡിയയോ പുറത്തുനിന്നുള്ള ബഹളങ്ങളോ അല്ല ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നത്. ഡ്രെസ്സിംഗ് റൂമിലുള്ളവർക്കും പരിശീലകനും ക്യാപ്റ്റനും ആർക്കാണ് നമ്മെ വിജയിപ്പിക്കാൻ കഴിയുകയെന്ന് തോന്നുന്നത്, ആരാണ് ടീമിന് ഏറ്റവും അനുയോജ്യർ എന്നതിനെ അടിസ്ഥാനമാക്കിയാണ് ടീം പ്രഖ്യാപിക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഇന്ന് വൈഭവിന് അവസരം നൽകിയാൽ, ഒഴിവാക്കപ്പെടുന്ന കളിക്കാരനോട് (അത് സഞ്ജുവായാലും അഭിഷേകായാലും) എനിക്ക് ഉത്തരം പറയേണ്ടി വരും. കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി മികച്ച സ്വാധീനമുണ്ടാക്കിയ ഒരു കൂട്ടുകെട്ടിനെ പെട്ടെന്ന് തഴയാൻ കഴിയില്ല. മൂന്നോ നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രം അവരെ ഒഴിവാക്കി, പ്രതിഭയുള്ള മറ്റൊരു യുവതാരത്തെ കളിപ്പിക്കുന്നത് ശരിയല്ല. ഡ്രെസ്സിംഗ് റൂമിൽ കളിക്കാർക്ക് സുരക്ഷിതത്വ ബോധം നൽകേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
എനിക്ക് ജനപ്രിയ തീരുമാനങ്ങൾ എടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. സഞ്ജുവിലും അഭിഷേകിലും തുടർച്ചയായി വിശ്വാസമർപ്പിക്കാൻ ഞങ്ങൾ എടുത്ത തീരുമാനം ശരിയായിരുന്നു. കായിക ചരിത്രത്തിൽ ഒരു ടീമും ഒരു ലോകകപ്പ് മുതൽ അടുത്ത ലോകകപ്പ് വരെ തോൽവിയറിയാതെ പോയിട്ടില്ല. ഒന്നോ രണ്ടോ മോശം പരമ്പരകൾ ഒരു കളിക്കാരനെയോ ടീമിനെയോ മോശമാക്കുന്നില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
