മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കളിച്ച നാലുപേരെ ഒഴിവാക്കിയാണ് ഇന്ത്യ മെല്‍ബണില്‍ കളിക്കാനിറങ്ങുന്നത്. പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം രവീന്ദ്ര ജഡേജ ടീമിലെത്തിയപ്പോള്‍ പൃഥ്വി ഷാക്ക് പകരം ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.

എന്നാല്‍ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും റിഷഭ് പന്ത് തിളങ്ങിയില്ലെങ്കില്‍ ഇന്ത്യ എന്തു ചെയ്യുമെന്ന് ഗംഭീര്‍ ചോദിച്ചു. പന്ത് നിരാശപ്പെടുത്തിയാല്‍ ഇന്ത്യ നാലാം ടെസ്റ്റില്‍ വീണ്ടും സാഹയെ കളിപ്പിക്കുമോ. ഇതാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രശ്നം. ഈ ടീമില്‍ ആരും സ്ഥാനവും സുരക്ഷിതമല്ല. രാജ്യത്തെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ പ്രതിഭാധനരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വന്തം സ്ഥാനത്തെക്കുറിച്ച് സുരകഷിതത്വമില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല.

ടീമിലെ സ്ഥാനം സംബന്ധിച്ച സുരക്ഷിതത്വം വാക്കുകളിലൂടെയല്ല നല്‍കേണ്ടത്. അത് പ്രവര്‍ത്തിയിലൂടെയാണ്. ഇന്ത്യയല്ലാതെ മറ്റൊരു ടീമും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിക്കറ്റ് കീപ്പര്‍മാരെ മാറി മാറി പരീക്ഷിക്കില്ല. സത്യസന്ധമായി പറഞ്ഞാല്‍ ടീം മാനേജ്മെന്‍റ് സാഹയോടും പന്തിനോടും ചെയ്യുന്നത് നീതികേടാണ്. സാഹചര്യത്തിന് അനുസരിച്ച് വിക്കറ്റ് കീപ്പറെ മാറ്റുന്നത് ബൗളര്‍മാരെ മാറ്റുന്നതുപോലെ നീതീകരിക്കാനാവുന്നതല്ല. വിദേശ പിച്ചുകളില്‍ ചിലപ്പോള്‍ ഒരു സ്പിന്നറെ കളിപ്പിക്കേണ്ടിവരും. പക്ഷെ ലോകത്തിലെ മറ്റേത് ടീമാണ് ഇത്തരത്തില്‍ വിക്കറ്റ് കീപ്പര്‍മാരെ മാറി മാറി പരീക്ഷിക്കുന്നത്.

ഇന്ത്യയില്‍ സാഹയും വിദേശത്ത് പന്തും ആണ് മികച്ച പ്രകടനം നടത്തുന്നത് എന്ന വാദത്തോട് എനിക്ക് യോജിക്കാനാവില്ല. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പര്‍ക്ക് വിദേശത്തും അത് നടത്താനാവും. അത് അദ്ദേഹം പുറത്തെടുത്താലും ഇല്ലെങ്കിലും തുടര്‍ച്ചയായി മാറ്റി മാറ്റി പരീക്ഷിക്കുന്നത് ശരിയായ രീതിയല്ലെന്നും ഗംഭീര്‍ പറഞ്ഞു.