ഓസ്ട്രേലിയക്കെതിരായ പരമ്പര തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചതോടെ ഇന്ത്യൻ താരങ്ങള്‍ക്ക് പുറമെ പരിശീലകരുടെ പ്രകടനവും ബിസിസിഐ നിരീക്ഷണത്തിലാണ്.
മുംബൈ: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിശീലന സെഷനില്‍ വൈകിയെത്തിയ ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കലിനെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ശാസിച്ചതായി റിപ്പോര്‍ട്ട്. വ്യക്തിപരമായ തിരക്കുകള്‍ കാരണമാണ് മോര്‍ക്കല്‍ പരിശീലന സെഷനില്‍ വൈകിയെത്തിയത്. എന്നാല്‍ അച്ചടക്കത്തിന്‍റെ കാര്യത്തില്‍ കണിശക്കാരനായ ഗംഭീര്‍ ഗ്രൗണ്ടില്‍വെച്ചുതന്നെ മോര്‍ക്കലിനെ ശകാരിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനുശേഷം പരമ്പരയില്‍ മോര്‍ക്കല്‍ പിന്‍വാങ്ങിയാണ് നിന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോര്‍ക്കല്‍ വൈകി വന്ന സംഭവത്തെക്കുറിച്ച് ബിസിസിഐയെ ധരിപ്പിച്ചിരുന്നെങ്കിലും പ്രശ്നം ഗംഭീറും മോര്‍ക്കലും ചേര്‍ന്ന് പരിഹരിക്കണമെന്നായിരുന്നു ബിസിസിഐയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പര തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചതോടെ ഇന്ത്യൻ താരങ്ങള്‍ക്ക് പുറമെ പരിശീലകരുടെ പ്രകടനവും ബിസിസിഐ നിരീക്ഷണത്തിലാണ്.
നടക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടും സുനില്‍ ഗവാസ്കറുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടി വിനോദ് കാംബ്ലി
ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റശേഷം കളിച്ച 10 ടെസ്റ്റില്‍ ആറെണ്ണത്തിലും ഇന്ത്യ തോറ്റിരുന്നു. മോര്‍ക്കലിന് പുറമെ ബാറ്റിംഗ് കോച്ച് അഭിഷേക് നായരുടെ പ്രകടനവും ബിസിസിഐ വിലയിരുത്തുന്നുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യൻ ബാറ്റിംഗ് നിര സമ്പൂര്‍ണ പരാജയമായ പശ്ചാത്തലത്തിലാണിത്. കളിക്കാരില്‍ നിന്നും ബാറ്റിംഗ് കോച്ചിനെക്കുറിച്ച് ബിസിസിഐ അഭിപ്രായം തേടുന്നുണ്ട്.
ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഗംഭീര്‍ ഇന്ത്യൻ പരിശീലകനായത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി ബിസിസിഐ തെരഞ്ഞെടുത്തത്. എന്നാല്‍ ഗംഭീറിന് കീഴില്‍ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി തുടങ്ങിയ ഗംഭീര്‍ പക്ഷെ പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി. 27 വര്‍ഷത്തിനുശേഷമായിരുന്നു ഇന്ത്യക്കെതിരെ ശ്രീലങ്ക ഏകദിന പരമ്പര ജയിച്ചത്. പിന്നാലെ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി. ഇതാദ്യമായാണ് നാട്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോല്‍ക്കുന്നത്.ഇതിനുശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് 1-3ന് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സ്ഥാനവും കൈവിട്ടു.
