കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതിനാലാണ് പേസര്‍ ഹര്‍ഷിത് റാണ എല്ലായ്പ്പോഴും ഇന്ത്യൻ ടീമിലെത്തുന്നതെന്ന് ശ്രീകാന്ത് യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.

ദില്ലി: പേര്‍ ഹര്‍ഷിത് റാണയെ ഏകദിന, ടി20 ടീമുകളില്‍ സ്ഥരിമായി ഉള്‍പ്പെടുത്തുന്നതിനെതിരെ മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് യുട്യൂബ് ചാനലില്‍ നടത്തിയ വിമര്‍ശനത്തിനെതിരെ തുറന്നടിച്ച് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ ഹര്‍ഷിത് റാണ ഇടം നേടിയതിനെതിരെ ആയിരുന്നു ശ്രീകാന്ത് സ്വന്തം യുട്യൂബ് ചാനലില്‍ വിമര്‍ശിച്ചത്.കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതിനാലാണ് പേസര്‍ ഹര്‍ഷിത് റാണ എല്ലായ്പ്പോഴും ഇന്ത്യൻ ടീമിലെത്തുന്നതെന്ന് ശ്രീകാന്ത് യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. ഹര്‍ഷിത് റാണ ഇന്ത്യൻ ടീമില്‍ സ്ഥിരമാണ്. കാരണം, അവന്‍ ഗംഭീറിന്‍റെ ഫേവറൈറ്റാണെന്നായിരുന്നു ശ്രീകാന്തിന്‍റെ കമന്‍റ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞാല്‍ ഇന്ത്യൻ ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ഹര്‍ഷിത് റാണയാണെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു.

എന്നാല്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ജയിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകാന്തിന്‍റെ പേരെടുത്ത പറയാതെയായിരുന്നു ഗംഭീറിന്‍റെ മറുപടി.യുട്യൂബ് ചാനലിന് കാഴ്ചക്കാരെ കിട്ടാനായി ചിലര്‍ 23കാരനായ ഹര്‍ഷിത് റാണയെ ഇരയാക്കുന്നത് നാണക്കേടാണെന്ന് ഗംഭീര്‍ പറഞ്ഞു. നിങ്ങള്‍ വേണമെങ്കില്‍ എന്നെ ലക്ഷ്യമിട്ടോളു. എനിക്കത് കൈകാര്യം ചെയ്യാനാവും. പക്ഷെ 23 വയസ് മാത്രമുള്ള ഒരു പയ്യനെ കളിയാക്കി യുട്യൂബ് ചാനലിന് കാഴ്ചക്കാരെ ഉണ്ടാക്കാനുള്ള ശ്രമം നാണക്കേടാണ്. അവനെ ടീമിലൾപ്പെടുത്താന്‍ അവന്‍റെ അച്ഛന്‍ സെലക്ടറല്ല, അവന്‍ സ്വന്തം നിലക്ക് കളിച്ചു തെളിയിച്ചാണ് ടീമിലെത്തിയത്. അതുകൊണ്ട് ഇത്തരത്തില്‍ യുവതാരങ്ങളെ ലക്ഷ്യം വെക്കരുതെന്നും ഗംഭീര്‍ പറഞ്ഞു.

23 വയസ് മാത്രം പ്രായമുള്ള വളര്‍ന്നുവരുന്ന ഒരു കളിക്കാരനെ വിമര്‍ശിക്കുമ്പോള്‍ വളരെ സൂക്ഷിച്ചുമാത്രമെ വാക്കുകള്‍ ഉപയോഗിക്കാവു. കളിക്കാരുടെ പ്രകടനങ്ങളെ വിമര്‍ശിക്കാം. സെലക്ടര്‍മാരെയും പരിശീലകരെയും വിമര്‍ശിക്കാം. പക്ഷെ വളര്‍ന്നുവരുന്നൊരു യുവതാരത്തെ വിമര്‍ശിച്ച് അതിനെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരുടെ മനോനിലയൊന്ന് പരിശോധിച്ചു നോക്കു. യുട്യൂബ് ചാനലിന് വേണ്ടി കാഴ്ചക്കാരെ കിട്ടാന്‍ എന്തും വിളിച്ചുപറയുന്നത് ശരിയല്ലെന്നും ഗംഭീര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക