ബെംഗളൂരുവില്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്കെതിരെ മികച്ച ബാറ്റിംഗാണ് മാക്‌സ്‌വെല്‍ കാഴ്‌ചവെച്ചത്. ബുംറ എറിഞ്ഞ 17-ാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സ് മാക്‌സി അടിച്ചുകൂട്ടിയിരുന്നു.
ഹൈദരാബാദ്: ടി20 പരമ്പര കൈവിടാതിരിക്കാന്‍ ബെംഗളൂരുവില്‍ ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തത് ഓസീസ് ഹിറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. ഓസീസ് ടീമില്‍ സീറ്റുറപ്പിച്ച വെടിക്കെട്ട് ഇന്നിംഗ്സിലൂടെ മാക്‌സി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്ക്കെതിരെ മികവ് കാട്ടി. ബുംറ എറിഞ്ഞ 17-ാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സ് മാക്‌സി അടിച്ചുകൂട്ടി.
ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്‌സിനെ കുറിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ പറയുന്നതിങ്ങനെ. എപ്പോഴും ബുംറയെ ആക്രമിക്കാനാണ് താന്‍ ശ്രമിച്ചത്. അവസാന നാല് ഓവറില്‍ ജയിക്കാന്‍ തങ്ങള്‍ക്ക് 44 റണ്‍സ് വേണമായിരുന്നു. ഈ ഘടത്തില്‍ നിര്‍ണായകമായ 17-ാം ഓവര്‍ എറിയാന്‍ ബുംറയെത്തി. ബുംറയുടെ ചില പന്തുകള്‍ മോശമാകുമെന്നും അതിനെ അടിച്ചകറ്റാമെന്നും താന്‍ പ്രതീക്ഷിച്ചു. അത് വിജയിക്കുകയായിരുന്നു. ബുംറയോടുള്ള സമീപനം മാറ്റിയതാണ് തുണയായതെന്നും മാക്‌സി പറഞ്ഞു.
ചിന്നസ്വാമിയില്‍ നടന്ന രണ്ടാം ടി20യില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ ജയം. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മാക്‌സി 55 പന്തില്‍ ഒമ്പത് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 113 റണ്‍സെടുത്തു. ഇതോടെ പരമ്പര 2-0ന് ഓസീസ് സ്വന്തമാക്കി. രണ്ട് മത്സരത്തിലുമായി 169 റണ്‍സെടുത്ത മാക്‌സ്‌വെല്ലാണ് പരമ്പരയിലെ താരം.
