സിഡ്നി: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത്. ക്യത്യതയും വൈവിധ്യവും കൊണ്ട് ബാറ്റ്സ്മാന്‍മാരെ വട്ടംചുറ്റിച്ച മക്ഗ്രാത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരെ തന്റെ കൃത്യതക്ക് മുമ്പില്‍ കുടുക്കി വീഴ്ത്തിയിട്ടുണ്ട്. സച്ചിന്‍ അടക്കമുള്ള ബാറ്റ്സ്മാന്‍മാരില്‍ മക്ഗ്രാത്തിന് മാനസിക ആധിപത്യവുമുണ്ടായിരുന്നു.

കരിയറില്‍  ഒരു  സ്വപ്ന ഹാട്രിക്ക് നേടുകയാണെങ്കില്‍ അതില്‍ ആരുടെയൊക്കെ പേരുണ്ടാലവും എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മക്ഗ്രാത്ത് ഇപ്പോള്‍. മക്ഗ്രാത്തിന്റെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുമുണ്ട്. ബ്രയാന്‍ ലാറയാണ് പട്ടികയിലെ ഒന്നാമന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതിലായ രാഹുല്‍ ദ്രാവിഡ് എന്നിവരെ കൂടി പുറത്താക്കുന്നതോടെ മക്ഗ്രാത്തിന്റെ സ്വപ്ന ഹാട്രിക്ക് പൂര്‍ത്തിയാവും. 

Also Read: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആ രണ്ട് താരങ്ങള്‍ എന്തായാലും വേണമെന്ന് ഹര്‍ഭജന്‍

ക്രിക്ക് ഇന്‍ഫോയുടെ ചോദ്യോത്തര പരിപാടിയിലാണ് മക്ഗ്രാത്ത് സ്വപ്ന ഹാട്രിക്കില്‍ വീഴ്ത്താന്‍ ആഗ്രഹിക്കുന്ന ബാറ്റ്സ്മാന്‍മാരെക്കുറിച്ച് മനസുതുറന്നത്. തനിക്ക് സ്വന്തമാക്കാന്‍ കഴിയാത്ത പന്ത് ഏതാണെന്ന ചോദ്യത്തിന് 100 മൈല്‍ വേഗത്തിലെറിയുന്ന പന്തെന്നായിരുന്നു മക്ഗ്രാത്തിന്റെ മറുപടി. കരിയറില്‍ ഒരു തവണയാണ് മക്ഗ്രാത്ത് ഹാട്രിക്ക് സ്വന്തമാക്കിയത്. 

2000ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഷെര്‍വിന്‍ കാംപ്ബെല്‍, ബ്രയാന്‍ ലാറ, ജിമ്മി ആഡംസ് എന്നിവരെ പുറത്താക്കിയാണ് മക്ഗ്രാത്ത് കരിയറിലെ ഹാട്രിക്ക് നേട്ടം ആഘോഷിച്ചത്. ഓസ്ട്രേലിയക്കായി 14 വര്‍ഷം നീണ്ട കരിയറില്‍ 124 ടെസ്റ്റും 250 ഏകദിനങ്ങളിലും മക്ഗ്രാത്ത് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 563ഉം ഏകദിനത്തില്‍ 381ഉം വിക്കറ്റുകാണ് മക്ഗ്രാത്തിന്റെ നേട്ടം.