ദില്ലി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അല്‍പ സമയത്തിനകം തെരഞ്ഞെടുക്കും. പ്രഖ്യാപനത്തിന് മുമ്പ് ആരാധകരെ തേടി ഒരു സന്തോഷ വാര്‍ത്ത. ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന്‍ കായികക്ഷമത തെളിയിച്ചു. വിന്‍ഡീസ് പര്യടനത്തിന് അദ്ദേഹത്തെയും ടീമിന് ലഭിക്കും. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. 

ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ധവാന്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ രണ്ടാം മത്സരത്തിലാണ് ഇന്ത്യന്‍ ഓപ്പണറുടെ കൈ വിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ടീമിന് പുറത്തുപോവുകയായിരുന്നു. പരിക്കേറ്റെങ്കിലും ധവാന്‍ അന്ന് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വീഡിയോ ധവാന്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. പരിക്കിന് ശേഷം ആദ്യമായിട്ടാണ് ബാറ്റെടുക്കുന്നത് എന്ന കുറിപ്പോടെയാണ് ധവാന്‍ വീഡിയോ പങ്കുവച്ചത്.