ജൊഹന്നസ്‌ബര്‍ഗ്: മുപ്പത്തിമൂന്നാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ ദുഖമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രയാം സ്‌മിത്ത്. ഞാന്‍ 33-ാം വയസില്‍ വിരമിച്ചു. ചിലപ്പോള്‍ നല്ല കുറച്ച് വര്‍ഷങ്ങള്‍ കരിയറില്‍ ബാക്കിയുണ്ടായിരുന്നിരിക്കാം. എന്നാല്‍ തന്റെ കരിയര്‍ പൂര്‍ണമായിരുന്നു. 22-ാം വയസ് മുതല്‍ ദക്ഷിണാഫ്രിക്കയെ നയിച്ചു. ജീവിത സാഹചര്യങ്ങള്‍ വെല്ലുവിളിയായെന്നും ഗ്രയാം സ്മിത്ത് പറഞ്ഞു. 

ഇരുപത്തിരണ്ടാം വയസില്‍ നായകനായി ചുമതലയേറ്റ സ്‌മിത്ത് 108 ടെസ്റ്റുകളിലും 149 ഏകദിനങ്ങളിലും 27 ടി20കളിലും ദക്ഷിണാഫ്രിക്കയെ നയിച്ചു. 2003 ലോകകപ്പ് തോല്‍വിയോടെ ഷോണ്‍ പൊള്ളോക്കില്‍ നിന്ന് നായക സ്ഥാനം ഏറ്റെടുത്ത സ്‌മിത്ത് 2014ല്‍ വിരമിക്കുന്നതു വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2007, 2011 ലോകകപ്പുകളില്‍ പ്രോട്ടീസിനെ നയിച്ചു. 

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ്(9,253) സ്‌മിത്ത്. ഏകദിനത്തില്‍ 6,989 റണ്‍സും ടി20യില്‍ 982 റണ്‍സും നേടിയിട്ടുണ്ട്.