ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ 'ജ്വലിക്കുന്ന ഹൃദയ'മാണ് കോലിയെന്ന് ഗ്രെഗ് ചാപ്പൽ.
ദില്ലി: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞതിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയ്ക്ക് ആശംസാപ്രവാഹം. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും മുൻ ഇന്ത്യൻ പരിശീലകനുമായ ഗ്രെഗ് ചാപ്പൽ കോലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തി. 'ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തി' എന്നാണ് അദ്ദേഹം കോലിയെ വിശേഷിപ്പിച്ചത്. ഒരുപക്ഷേ, പല കാര്യങ്ങളിലും കോലി ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിനേക്കാൾ സ്വാധീനം ചെലുത്തിയ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഎസ്‌പിഎൻ ക്രിക്ഇൻഫോയിലെ തന്റെ കോളത്തിലായിരുന്നു ഗ്രെഗ് ചാപ്പലിന്റെ പ്രതികരണം.
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ 'ജ്വലിക്കുന്ന ഹൃദയ'മാണ് കോലിയെന്ന് ചാപ്പൽ പറഞ്ഞു. ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് 'ഓസ്‌ട്രേലിയക്കാരനല്ലാത്ത ഓസ്‌ട്രേലിയൻ താര'മാണ് വിരാട് കോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ള വസ്ത്രം ധരിച്ച ഒരു യോദ്ധാവ്, ഒരിക്കലും ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാത്തവൻ, തന്റെ ബൗളർമാരിൽ നിന്നോ, ഫീൽഡർമാരിൽ നിന്നോ എപ്പോഴും കൂടുതൽ മികച്ച പ്രകടനം ആവശ്യപ്പെടുന്നവൻ, എല്ലാത്തിനും ഉപരിയായി സ്വന്തം പ്രകടനം ഏറ്റവും മികച്ചതാക്കാൻ ശ്രമിക്കുന്നവൻ. സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുതിയ നട്ടെല്ല് നൽകി. എം.എസ്. ധോണി ശാന്തമായ നേതൃത്വവും വൈറ്റ്-ബോൾ ക്രിക്കറ്റിൽ ആധിപത്യവും കൊണ്ടുവന്നു. പക്ഷേ കോലിയോ? കോലി അക്ഷരാർത്ഥത്തിൽ തീ കൊളുത്തുകയായിരുന്നു. ചാപ്പൽ പറഞ്ഞു.
കോലിയുടെ ക്യാപ്റ്റൻസി കാലഘട്ടം, പ്രത്യേകിച്ച് ടെസ്റ്റുകളിൽ ഇന്ത്യയുടെ മുഖച്ഛായ മാറ്റിമറിച്ചെന്ന് ചാപ്പൽ ചൂണ്ടിക്കാട്ടി. സ്വന്തം നാട്ടിൽ മാത്രമല്ല, വിദേശത്തും ഇന്ത്യ ആക്രമണോത്സുകരായ എതിരാളികളായി മാറി. ടീമിൽ ഫിറ്റ്നസുമായി ബന്ധപ്പെട്ട അവബോധം അദ്ദേഹം വളർത്തിയെടുത്തു. ആഗോളതലത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തെ ഭയപ്പെടുത്തുന്ന രീതിയിലേയ്ക്ക് ഉയർത്തി. സച്ചിൻ ഒരു പ്രതിഭയായിരുന്നു. ധോണി ഒരു മികച്ച തന്ത്രജ്ഞനായിരുന്നു. പക്ഷേ കോലി ഫലങ്ങളെ മാത്രമല്ല, മനോഭാവങ്ങളെയും മാറ്റിമറിച്ചെന്നും ചാപ്പൽ അഭിപ്രായപ്പെട്ടു.


