ഡൽഹി ക്യാപിറ്റൽസിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പൻ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 

അഹമ്മദാബാദ്: ഐ‌പി‌എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി ക്യാപിറ്റൽസിനെ 10 വിക്കറ്റിന് തകർത്താണ് ​ഗുജറാത്ത് പ്ലേ ഓഫിലേയ്ക്ക് കുതിച്ചത്. ​ഗുജറാത്തിന്റെ ജയം മറ്റ് രണ്ട് ടീമുകളെ കൂടി പ്ലേ ഓഫിലെത്തിക്കാൻ സഹായിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾ ആദ്യ നാലിൽ ​ഗുജറാത്തിനൊപ്പം സ്ഥാനം ഉറപ്പിച്ചു. 

12 മത്സരങ്ങളിൽ നിന്ന് 9 വിജയങ്ങളുടെ അകമ്പടിയോടെ 18 പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മറുവശത്ത്, പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുകൾ വീതം നേടി ആദ്യ നാലിൽ സ്ഥാനം പിടിച്ചു. അവശേഷിക്കുന്ന ഒരു സ്ഥാനം പിടിക്കാൻ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലായിരിക്കും മത്സരം. കഴിഞ്ഞ ആറ് സീസണുകളിൽ അഞ്ച് തവണ ബെം​ഗളൂരു പ്ലേ ഓഫിൽ ഇടം നേടിയപ്പോൾ ​ഗുജറാത്ത് ടൈറ്റൻസ് നാല് സീസണുകളിൽ മൂന്ന് തവണ പ്ലേ ഓഫിലെത്തി.

അതേസമയം, പ്ലേ ഓഫ് യോഗ്യതയ്ക്കുള്ള 11 വർഷത്തെ കാത്തിരിപ്പിന് പഞ്ചാബ് കിംഗ്‌സ് വിരാമമിട്ടിരിക്കുകയാണ്. 2014ലാണ് പഞ്ചാബ് അവസാനമായി ആദ്യ നാലിൽ ഫിനിഷ് ചെയ്തത്. ആ സീസണിൽ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്തു. കൂടാതെ, ഐ‌പി‌എൽ ചരിത്രത്തിൽ മൂന്ന് ടീമുകളെ പ്ലേ ഓഫിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റനായി ശ്രേയസ് അയ്യർ മാറി. 

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ഒരോവര്‍ ബാക്കിയാക്കി വിജയം കയ്യിലൊതുക്കി. സായ് സുദര്‍ശന്‍ 61 പന്തില്‍ 108 റൺസും നായകൻ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 93 റൺസും നേടി പുറത്താകാതെ നിന്നു. നേരത്തെ, കെ.എൽ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ഡൽഹി ​ഗുജറാത്തിന് മുന്നിൽ 200 റൺസ് വിജയലക്ഷ്യം വെച്ചത്.