അതിനുശേഷം ഒരു സീസണില്‍ കൂടി ഞാന്‍ കൊല്‍ക്കത്തയില്‍ കളിച്ചു. എന്നാല്‍ കൊല്‍ക്കത്ത നായകനായിരുന്ന ഗൗതം ഗംഭീറുമായി തൊട്ടടുത്ത സീസണില്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് അടി കൂടിയില്ലായിരുന്നുവെങ്കില്‍ എനിക്ക് രണ്ടോ മൂന്നോ സീസണ്‍ കൂടി അവിടെ തുടരാനും എന്‍റെ ബാങ്ക് ബാലന്‍സ് മെച്ചപ്പെടുത്താനും കഴിയുമായിരുന്നു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗൗതം ഗംഭീറുമായി അടിയുണ്ടാക്കിയില്ലായിരുന്നെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി രണ്ടോ മൂന്നോ സീസണ്‍ കൂടി കളിക്കാനും തന്‍റെ ബാങ്ക് ബാലന്‍സ് ഉയര്‍ത്താനും കഴിയുമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ബംഗാള്‍ ടീം ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന മനോജ് തിവാരി. 2012ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത ആദ്യ ഐപിഎല്‍ കിരീടം നേടുമ്പോള്‍ അന്ന് വിജയ റണ്‍ നേടിയത് മനോജ് തിവാരിയായിരുന്നു.
അതിനുശേഷം ഒരു സീസണില്‍ കൂടി ഞാന്‍ കൊല്‍ക്കത്തയില്‍ കളിച്ചു. എന്നാല്‍ കൊല്‍ക്കത്ത നായകനായിരുന്ന ഗൗതം ഗംഭീറുമായി തൊട്ടടുത്ത സീസണില്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് അടി കൂടിയില്ലായിരുന്നുവെങ്കില്‍ എനിക്ക് രണ്ടോ മൂന്നോ സീസണ്‍ കൂടി അവിടെ തുടരാനും എന്‍റെ ബാങ്ക് ബാലന്‍സ് മെച്ചപ്പെടുത്താനും കഴിയുമായിരുന്നു. എന്നാല്‍ അതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ല.
2008-2009 സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കുമ്പോഴും ശരിയല്ലാത്ത കാര്യങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് ഡല്‍ഹി പ്രതിസന്ധിയിലൂടെയായിരുന്നു കടന്നു പോയിരുന്നത്. അര്‍ഹിച്ച താരങ്ങള്‍ക്ക് അവസരം കിട്ടുന്നില്ല. കിട്ടുന്നവരില്‍ പലര്‍ക്കും പരിക്കും. ഗാരി കിര്‍സ്റ്റനായിരുന്നു ഡല്‍ഹിയുടെ കോച്ച്. ടീം കോംബിനേഷനോ ഫസ്റ്റ് ഇലവനോ ശരിയാകാത്തത് ഞാന്‍ എന്‍റെ മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് വേണമെങ്കില്‍ മിണ്ടാതിരിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അന്ന് ഗാരിര്‍ കിര്‍സ്റ്റനോട് പറഞ്ഞത്, എന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ കരാറില്‍ നിന്ന് ഒഴിവാക്കിയേക്കു എന്നാണ്. അന്നെനിക്ക് 2.8 കോടി രൂപയാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രതിഫലം. ആ പൈസയും മേടിച്ച് മിണ്ടാതിരുന്നെങ്കില്‍ എനിക്ക് അവിടെ തുടരാന്‍ ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു. അവിടെ എന്‍റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല-തിവാരി പറഞ്ഞു.
കരിയറില്‍ 96 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള തിവാരി 1686 റണ്‍സടിച്ചിട്ടുണ്ട്. 2018ലാണ് ഐപിഎല്ലില്‍ അവസാനമായി കളിച്ചത്. ഈ രഞ്ജി സീസണോടെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 38കാരനായ തിവാരി ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരില്‍ കായിക മന്ത്രി കൂടിയാണ്.
ടീം ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20കളുമാണ് മനോജ് തിവാരി കളിച്ചത്. ഏകദിനത്തില്‍ 287 ഉം രാജ്യാന്തര ട്വന്‍റി 20യില്‍ 15 ഉം റണ്‍സേ തിവാരി നേടിയുള്ളൂ. 2008 ഫെബ്രുവരിയില്‍ ബ്രിസ്ബേനില്‍ ഓസീസിനെതിരെ ഏകദിനം കളിച്ചാണ് മനോജ് തിവാരി രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2011ല്‍ ചെന്നൈയില്‍ വച്ച് വെസ്റ്റ് ഇന്‍ഡീസിനോട് നേടിയ 104* റണ്‍സ് പ്രശംസിക്കപ്പെട്ടപ്പോഴും താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാനായില്ല.
