2019 നവംബറിന് ശേഷം രാജ്യാന്തര സെഞ്ചുറി നേടാന്‍ വിരാട് കോലിക്കായിട്ടില്ല. ഹോം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന ശതകം. 

ലാഹോർ: റണ്‍മെഷീന്‍ എന്ന് വിശേഷിക്കപ്പെട്ടിരുന്ന വിരാട് കോലിയുടെ(Virat Kohli) ഫോമില്ലായ്മയുടെ കാരണക്കാരന്‍ ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയെന്ന്(Ravi Shastri) കുറ്റപ്പെടുത്തി പാക് മുന്‍ ബാറ്റർ റാഷിദ് ലത്തീഫ്(Rashid Latif). ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള യോഗ്യത ശാസ്ത്രിക്കുണ്ടോയെന്ന് തനിക്കറിയില്ലെന്ന് തന്‍റെ യൂട്യൂബ് ചാനലിലൂടെ ലത്തീഫ് കടുത്ത വിമർശനം ഉന്നയിച്ചു. 

'രവി ശാസ്ത്രി കാരണമാണ് അനില്‍ കുംബ്ലെ പുറത്തുപോകേണ്ടിവന്നത്. അനില്‍ കുംബ്ലെയെ പോലൊരാളെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റി. പകരക്കാരനായി രവി ശാസ്ത്രി എത്തി. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള യോഗ്യത ശാസ്ത്രിക്കുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അദേഹമൊരു കമന്‍റേറ്ററായിരുന്നു. പരിശീലക കുപ്പായത്തില്‍ റോളൊന്നുമുണ്ടായിരുന്നില്ല. ശാസ്ത്രിയെ പരിശീലകനാക്കാന്‍ പലരും നീക്കങ്ങള്‍ നടത്തി. അതിപ്പോള്‍ തിരിച്ചടിക്കുകയാണ്. ശരിയല്ലേ? ശാസ്ത്രി പരിശീലകനായിരുന്നില്ലെങ്കില്‍ കോലി ഫോം ഔട്ടാകുമായിരുന്നില്ല' എന്നും റാഷിദ് ലത്തീഫ് പറഞ്ഞു. 

2019 നവംബറിന് ശേഷം രാജ്യാന്തര സെഞ്ചുറി നേടാന്‍ വിരാട് കോലിക്കായിട്ടില്ല. ഹോം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന ശതകം. അടുത്തിടെ അവസാനിച്ച ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കോലി മൂന്ന് തവണ ഗോള്‍ഡന്‍ ഡക്കായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റ് മത്സരത്തിലാണ് കോലി അടുത്തതായി പാഡ് കെട്ടേണ്ടത്. 71-ാം രാജ്യാന്തര സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് കോലി ഇംഗ്ലണ്ടില്‍ അവസാനിപ്പിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

2016-17 കാലയളവിലാണ് അനില്‍ കുംബ്ലെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നത്. കോലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നായിരുന്നു കുംബ്ലെയുടെ പടിയിറക്കം എന്നായിരുന്നു റിപ്പോർട്ടുകള്‍. ഇതിന് ശേഷമാണ് രവി ശാസ്ത്രി പരിശീലനായത്. ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായിരിക്കേ 2017 മുതല്‍ 2021 വരെ വിരാട് കോലിക്കൊപ്പം അടുത്ത് പ്രവർത്തിച്ചയാളാണ് രവി ശാസ്ത്രി. ഇതിന് മുമ്പ് 2014ല്‍ ഇന്ത്യന്‍ ടീമിന്‍റെ ഡയറക്ടറുമായിരുന്നു. കഴിഞ്ഞ വർഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പോടെ പരിശീലക സ്ഥാനത്ത് ശാസ്ത്രിയുടെ കാലാവധി അവസാനിക്കുകയായിരുന്നു.

'ഹാർദിക് പാണ്ഡ്യ ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മൂല്യമേറിയ താരം'; വമ്പന്‍ പ്രശംസയുമായി ബ്രാഡ് ഹോഗ്