പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഷാഹിദ് അഫ്രീദി നടത്തിയ വിവാദ പ്രസ്താവനകളിലും ഇന്ത്യ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ താരങ്ങള്‍ വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്.

എഡ്ജ്ബാസ്റ്റൺ: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ പാകിസ്ഥാൻ ചാമ്പ്യൻസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് കിരീടം നേടിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഫൈനലില്‍ സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്സിന്‍റെ പ്രകടനത്തെയും റെയ്ന സമൂഹമാധ്യമ പോസ്റ്റില്‍ അഭിനന്ദിച്ചു.

എന്തൊരു പ്രകടനാണ് ഡിവില്ലിയേഴ്സ് കാഴ്ചവെച്ചത്, ശരിക്കും അടിച്ചു തകര്‍ത്തു, നമ്മള്‍ കളിച്ചിരുന്നെങ്കിലും പാകിസ്ഥാനെ തകര്‍ത്തുവിട്ടേനെ, പക്ഷെ മറ്റെന്തിനെക്കാളും നമ്മള്‍ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുത്തുവെന്നും ടൂര്‍ണമെന്‍റിന്‍റെ സ്പോണ്‍സര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സുരേഷ് റെയ്ന കുറിച്ചു. ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനുമായിരുന്നു സെമി ഫൈനലില്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്.

Scroll to load tweet…

എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക് ടീം നായകന്‍ ഷാഹിദ് അഫ്രീദി നടത്തിയ വിവാദ പ്രസ്താവനകളിലും ഇന്ത്യ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ താരങ്ങള്‍ വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്. നേരത്തെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

ഇന്നലെ നടന്ന ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ചാമ്പ്യൻസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ 60 പന്തില്‍ 120 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്‍റെയും 28 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ജെ പി ഡുമിനിയുടെയും ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 16.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 18 റണ്‍സെടുത്ത ഹാഷിം അംലയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക